ഓരോ വർഷവും ജൂൺ 5ന് ലോകം പരിസ്ഥിതി ദിനം ആചരിക്കാറുണ്ട്. ഇത് വെറുമൊരു ദിനാചരണത്തിനപ്പുറം പ്രകൃതിയെ നമ്മൾ അത്രകണ്ട് പരിപാലിക്കണം എന്ന ഓർമ്മപ്പെടുത്തൽ കൂടെയാണ് നൽകുന്നത്. പച്ചപ്പിനാൽ സമ്പന്നമായ നമ്മുടെ ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം, അതിനായി നാം ഓരോരുത്തരും കൈക്കൊള്ളേണ്ട ഉത്തരവാദിത്തങ്ങൾ എന്നിവയെക്കുറിച്ച് ഓർമ്മിപ്പിക്കുക കൂടിയാണ് ഈ ദിനം.
പരിസ്ഥിതി ദിനത്തിൽ ലോകമെമ്പാടുമുള്ള ആളുകൾ വൃക്ഷത്തൈകൾ നട്ടും, ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും, ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചുമൊക്കെ ആചരിക്കാറുണ്ട്. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഈ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു എന്നതും ശ്രദ്ധേയമാണ്. ഇത് കേവലം ഒരു ദിവസത്തെ ആഘോഷം മാത്രമല്ല, മറിച്ച് നമ്മുടെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്താനും പ്രകൃതിയോട് കൂടുതൽ അടുത്ത് ജീവിക്കാനുമുള്ള ഒരു പ്രചോദനം കൂടിയാണ്.
അതിനാൽ വിദ്യാലയങ്ങളും ഈ ദിനത്തെ അതിനെ പ്രാധാന്യത്തോടെ തന്നെ കാണാറുണ്ട്.1972-ൽ സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി സമ്മേളനത്തിലാണ് ലോക പരിസ്ഥിതി ദിനം എന്ന ആശയം ഉടലെടുക്കുന്നത്. 1974 മുതലാണ് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഈ ദിനം ഔദ്യോഗികമായി ആചരിക്കാൻ തുടങ്ങിയത്. ഓരോ വർഷവും ഒരു പ്രത്യേക പരിസ്ഥിതി പ്രശ്നത്തിന് ഊന്നൽ നൽകിക്കൊണ്ടാണ് പരിസ്ഥിതി ദിനം ആചരിക്കാറുള്ളത്.
ഇത് ആ പ്രത്യേക വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ലോകമെമ്പാടും അതിനെക്കുറിച്ച് കൂടുതൽ ചർച്ചകൾക്കും പ്രവർത്തനങ്ങൾക്കും വഴിയൊരുക്കകയും ചെയ്യും.’പ്ലാസ്റ്റിക് മലിനീകരണത്തിന് അന്ത്യം കുറിക്കണം,അറുതി വരുത്തണം, തടയണം’ ഇതാണ് ഇത്തവണത്തെ പരിസ്ഥിതി ദിന മുദ്രാവാക്യം. പ്ലാസ്റ്റിക് മാലിന്യം പരിസ്ഥിതിക്ക് വരുത്തുന്ന ദോഷങ്ങളെക്കുറിച്ചും അത് കുറയ്ക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും അവബോധം നൽകുന്നതിനാണ് ഈ വർഷം പ്രാധാന്യം നൽകുന്നത്.
ദക്ഷിണ കൊറിയയാണ് 2025-ലെ പരിസ്ഥിതി ദിനാചരണത്തിന് ആതിഥേയത്വം വഹിക്കുന്നത്.കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി പ്രശ്നങ്ങളും രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്, ഓരോ വ്യക്തിയും പ്രകൃതിയെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാകേണ്ടത് വളരെ അത്യാവശ്യമാണ്. മരങ്ങൾ നടുക, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക, ഊർജ്ജം സംരക്ഷിക്കുക, ജലം പാഴാക്കാതിരിക്കുക തുടങ്ങിയ ചെറിയ കാര്യങ്ങളിലൂടെ പോലും നമുക്ക് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും.
കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, വനനശീകരണം, ജല ദൗർലഭ്യം, ജൈവവൈവിധ്യത്തിന്റെ ശോഷണം തുടങ്ങിയ നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾ ഇന്ന് ലോകം നേരിടുന്നുണ്ട്. ഈ പ്രശ്നങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്താനും, അവയ്ക്ക് പരിഹാരം കാണുന്നതിന് വ്യക്തികളെയും സമൂഹങ്ങളെയും സർക്കാരുകളെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് പരിസ്ഥിതി ദിനത്തിന്റെ പ്രധാന ലക്ഷ്യം.