ജോലിചെയ്തിട്ട് കാശ് കിട്ടാത്തതിന്റെ ലിസ്റ്റ് ഞങ്ങളും വയ്ക്കും: ഷൈൻ ടോം

0
77

മലയാളത്തിലെ യുവ താരങ്ങളായ ഷെയ്ൻ നി​ഗമിനെയും(Shane Nigam) ശ്രീനാഥ് ഭാസിയെയും(Shreenath Bhasi) വിലക്കിയ വിഷയത്തിൽ പ്രതികരിച്ച് നടൻ ഷൈൻ ടോം ചാക്കോ(Shine Tom Chacko). കാലാകാലം ആരെയും വിലക്കാൻ പറ്റില്ലന്നും ലിസ്റ്റ് നിരത്താനാണെങ്കിൽ ജോലിചെയ്തിട്ട് കാശ് കിട്ടാത്തതിന്റെ ലിസ്റ്റ് തങ്ങളും നിരത്തുമെന്നും ഷൈൻ പറഞ്ഞു.

“ശ്രീനാഥ് ഭാസി ആണെങ്കിലും ഷെയ്ൻ നിഗം ആണെങ്കിലും ഞങ്ങൾ ഒരുമിച്ച് സിനിമ ചെയ്യാൻ തുടങ്ങിയവരാണ്. വിലക്കാൻ ആണെങ്കിൽ അവർ വിലക്കട്ടെ, എന്താണ് അതിൽ കൂടുതൽ സംഭവിക്കുക. തിലകനെ വിലക്കിയിരുന്നില്ലേ… തൊഴിൽ ചെയ്യുന്നവരെ വിലക്കാൻ ആർക്കും പറ്റില്ല. സസ്പെൻഷൻ ഒക്കെ കൊടുക്കും, കാലാകാലം ആരെയും വിലക്കാൻ പറ്റില്ല. അങ്ങനെയാണെങ്കിൽ ലിസ്റ്റ് ഞങ്ങളും വയ്ക്കും. ജോലിചെയ്തിട്ട് കാശ് കിട്ടാത്തതിന്റെ ലിസ്റ്റ്,” ഷൈൻ ടോം ചാക്കോ പറഞ്ഞു.

നിർമ്മാതാക്കളുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഏപ്രിൽ 25 മുതലാണ് നടന്മാരായ ഷെയ്ൻ നിഗത്തിനും ശ്രീനാഥ് ഭാസിക്കും സിനിമാ സംഘടനകൾ വിലക്കേർപ്പെടുത്തിയത്. ഇരുവർക്കുമെതിരെ ഒട്ടേറെ പരാതികൾ ലഭിച്ചെന്നും ‘അമ്മ’ പ്രതിനിധികൾകൂടി ഉൾപ്പെട്ട യോഗത്തിലാണ് വിലക്കാൻ തീരുമാനിച്ചതെന്നും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

മയക്കുമരുന്നിനടിമകളായ നടൻമാരുമായി സഹകരിക്കില്ലെന്നും രണ്ടു നടൻമാരും പലപ്പോഴും ബോധമില്ലാതെയാണ് പെരുമാറുന്നതെന്നും വാർത്താസമ്മേളനത്തിൽ  നിർമ്മാതാവ് രഞ്ജിത്ത് പറഞ്ഞു. എല്ലാ സംഘടനകളും ചേർന്ന് ചർച്ച നടത്തിയത് സിനിമയുടെ നന്മക്കെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.
ലഹരി മരുന്നു പയോഗിക്കുന്ന നിരവധി പേരുണ്ട് സിനിമ മേഖലയിൽ. അത്തരക്കാരുമായി സഹകരിച്ച് പോകാനാവില്ല.  ഈ രണ്ട് നടൻമാരുടെ കൂടെ അഭിനയിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും സഹിക്കാനാവാത്ത അവസ്ഥയാണെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.

സ്ഥിരമായി മയക്കുമരുന്നുപയോഗിക്കുന്നവരുടെ പേരുവിവരങ്ങൾ സർക്കാരിന് നൽകുമെന്നും നിർമ്മാതാക്കളുടെ പരാതിയിൽ കഴമ്പുണ്ടെന്നും അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി. ലൊക്കേഷനുകളിൽ കൃത്യമായി എത്താൻ ശ്രീനാഥ് ഭാസി ശ്രമിക്കുന്നില്ല. ഇതേ പരാതി തന്നെയാണ് ഷെയ്ൻ നിഗവും പിന്തുടരുന്നത്. ഇത് നിർമാതാക്കളുൾപ്പെടെയുള്ള സഹപ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ഈ സാഹചര്യത്തിലാണ് സംഘടനകൾ ഇത്തരത്തിലുള്ള തീരുമാനത്തിൽ എത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here