പ്രതിഷേധങ്ങളെ തുടർന്ന് കഴിഞ്ഞ നാല് മാസമായി കായികരംഗം സ്‌തംഭിച്ചുവെന്നും, താൻ തൂക്കിലേറാൻ തയ്യാറാണെന്നും എന്നാൽ ഗുസ്‌തി പ്രവർത്തനം നിർത്തരുതെന്നും ചൂണ്ടിക്കാട്ടി ലൈംഗികാതിക്രമ ആരോപണങ്ങൾ നേരിടുന്ന ഇന്ത്യൻ റെസ്‌ലിംഗ് ഫെഡറേഷൻ (WFI) പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിംഗ്. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ എന്നിവരുൾപ്പെടെ നിരവധി പ്രമുഖ ഗുസ്‌തി താരങ്ങൾ ബ്രിജ് ഭൂഷൺ സിംഗിനെ അറസ്‌റ്റ് ചെയ്‌ത് ഫെഡറേഷനിൽ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധിക്കുകയാണ്.
ഡബ്ല്യുഎഫ്‌ഐ തലവൻ വനിതാ ഗുസ്‌തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന് ആരോപിച്ച് നിരവധി താരങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയതിനെത്തുടർന്ന് ചാമ്പ്യൻഷിപ്പുകളും ക്യാമ്പുകളും ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ചിരിക്കുകയാണ്. ഗുസ്‌തി പ്രവർത്തനം നിർത്തുന്നത് കേഡറ്റിനും ജൂനിയർ ഗുസ്‌തിതാരങ്ങൾക്കും ദോഷം ചെയ്യുമെന്ന് രണ്ട് എഫ്‌ഐആറുകൾ നേരിടുന്ന ബ്രിജ് ഭൂഷൺ സിംഗ് പറഞ്ഞു.
“കുട്ടികളുടെ ഭാവി വച്ച് കളിക്കരുത്. സർക്കാരോ ഡബ്ല്യുഎഫ്‌ഐയോ ആരു സംഘടിപ്പിച്ചാലും ഗുസ്‌തി പ്രവർത്തനം നിർത്തരുത്” ഫെഡറേഷൻ മേധാവി മാധ്യമപ്രവർത്തകരോട് പറഞ്ഞു. നേരത്തെ, തന്റെ സ്ഥാനം രാജിവയ്ക്കാതെ തുടരുന്ന ബ്രിജ് ഭൂഷൺ സിംഗ്, പ്രതിഷേധക്കാർ വീട്ടിലേക്ക് മടങ്ങി സമാധാനമായി ഉറങ്ങാൻ കാരണമാകുമെങ്കിൽ രാജിവയ്ക്കാൻ തയ്യാറാണെന്ന് പറഞ്ഞിരുന്നു. എന്നാൽ സിംഗിനെതിരെ നടപടിയെടുക്കുന്നത് വരെ സമരം തുടരുമെന്ന നിലപാടിൽ പ്രതിഷേധിക്കാർ ഉറച്ചുനിൽക്കുകയാണ്.
ജനുവരിയിലാണ് ഡബ്ല്യുഎഫ്‌ഐ മേധാവിക്കെതിരെ ലൈംഗിക ചൂഷണവും, ഭീഷണിയും ആരോപിച്ച് മുൻനിര ഗുസ്‌തി താരങ്ങൾ ആദ്യമായി പ്രതിഷേധവുമായി രംഗത്തെത്തിയത്. ഡബ്ല്യുഎഫ്‌ഐ പിരിച്ചുവിടണമെന്നും പ്രസിഡന്റിനെ മാറ്റണമെന്നും താരങ്ങൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ജനുവരി 23ന് ബോക്‌സിംഗ് ഇതിഹാസം എംസി മേരി കോമിന്റെ നേതൃത്വത്തിൽ കായിക മന്ത്രാലയം ഒരു മേൽനോട്ട സമിതി രൂപീകരിക്കുകയും ഒരു മാസത്തിനകം സമിതിയുടെ കണ്ടെത്തലുകൾ സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു. എന്നാൽ ഇതുവരെയും റിപ്പോർട്ട് പരസ്യമാക്കാൻ സർക്കാർ തയ്യാറായിട്ടില്ല.