പാലക്കാട് കേരളശ്ശേരിയില്‍ വീടിനുള്ളിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. യക്കിക്കാവില്‍ രാവിലെ 10 മണിയോടെ അബ്ദുള്‍ റസാഖ് എന്നയാളുടെ വീട്ടിലാണ് സംഭവം നടന്നത്. വീടിനോട് ചേര്‍ന്ന് പടക്ക നിര്‍മാണ സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന ചായ്പ്പിലായിരുന്നു പൊട്ടിത്തെറി. വീട്ടുടമ റസാഖിനെ സ്‌ഫോടന ശേഷം കാണാനില്ല.
അബ്ദുള്‍ റസാഖിന് പടക്കം നിര്‍മ്മിക്കാനുള്ള ലൈസന്‍സുണ്ട്. തടുക്കുശേരിയില്‍ ഇയാള്‍ക്ക് ഒരു പടക്കനിര്‍മ്മാണശാലയുമുണ്ട്. എന്നാല്‍ ഇയാള്‍ പടക്കം വീട്ടില്‍ സൂക്ഷിച്ചതിന്റെ കാരണം കണ്ടെത്താനായില്ല. സ്‌ഫോടനത്തില്‍ വീടിന്റെ ഒരു ഭാഗം തകര്‍ന്നു. സംഭവം നടക്കുമ്പോള്‍ ഇയാള്‍ വീടിന് സമീപത്തുണ്ടായിരുന്നുവെന്നാണ് വിവരം. സ്‌ഫോടന സ്ഥലത്തുനിന്ന് കിട്ടിയ ശരീരാവശിഷ്ടങ്ങള്‍ ആരുടേതാണെന്ന് തിരിച്ചറിയാന്‍ ശ്രമം തുടങ്ങി. പൊട്ടിത്തെറി സംബന്ധിച്ച കൂടുതല്‍ പരിശോധനയ്ക്കായി സ്ഥലത്ത് നിന്ന് സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.