പ്രതിരോധിച്ച് കേരള സ്‌റ്റോറിയുടെ അണിയറപ്രവര്‍ത്തകര്‍

0
101

ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ‘ദി കേരള സ്റ്റോറി’  വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. കേരളത്തില്‍ നിന്ന് 32,000 പെണ്‍കുട്ടികളെ കാണാതായെന്നും ഇവര്‍ പിന്നീട് ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്നെന്നുമാണ് ട്രെയിലറില്‍ അവകാശപ്പെട്ടത്. അദാ ശര്‍മ മുഖ്യവേഷത്തിലെത്തുന്ന ചിത്രം മെയ് 5 ന് തിയേറ്ററുകളിലെത്തിക്കാനാണ് തീരുമാനം. എന്നാല്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും വലിയ വിമര്‍ശനമാണ് നേരിടുന്നത്. ചിത്രം കേരളത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്നും ആവശ്യമുയര്‍ന്ന് കഴിഞ്ഞു.

വിവാദം തുടരുന്നതിനിടെ ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവും നടനും നിലപാടറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. കേരള സ്റ്റോറി ലക്ഷ്യമിടുന്നത് മുസ്ലീങ്ങളെയല്ല തീവ്രവാദികളെയാണെന്നും സംസ്ഥാനത്തിനെതിരെ ഒന്നും സിനിമയിലില്ലെന്നും അവര്‍ പറഞ്ഞു.

‘മാസങ്ങള്‍ നീണ്ട ഗവേഷണത്തിന് ശേഷമാണ് ഞാന്‍ സിനിമ നിര്‍മ്മിച്ചത്. ഒരു നിര്‍മ്മാതാവും സിനിമയെ പിന്തുണയ്ക്കാന്‍ ആഗ്രഹിച്ചില്ല. എന്റെ കാഴ്ചപ്പാട് തന്നെ മാറി, ഇരകളോട് സംസാരിച്ചതിന് ശേഷം വിഷയം വല്ലാതെ ആകര്‍ഷിച്ചു’, ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംവിധായകന്‍ സുദീപ്‌തോ സെന്‍ പറഞ്ഞു.

‘കേരളത്തിന് എതിരായി ഒന്നും പറഞ്ഞിട്ടില്ല. സിനിമയില്‍ അപകീര്‍ത്തികരമായ ഒന്നും പറഞ്ഞിട്ടില്ല. സിനിമ ലക്ഷ്യമിടുന്നത് തീവ്രവാദികളെയാണ്, മുസ്ലീങ്ങളെയല്ല. കേരള മുഖ്യമന്ത്രി സിനിമ കാണണമെന്ന് ആഗ്രഹിക്കുന്നു’, ചിത്രത്തിന്റെ നിര്‍മ്മാതാവ് വിപുല്‍ ഷാ പറഞ്ഞു.

കോടതികളും അന്വേഷണ ഏജന്‍സികളും കേന്ദ്രവും പോലും തള്ളിക്കളഞ്ഞ ലൗ ജിഹാദ് വിഷയം ഉന്നയിച്ച് സംസ്ഥാനത്തെ മതതീവ്രവാദ കേന്ദ്രമായി ഉയര്‍ത്തിക്കാട്ടുന്ന സംഘപരിവാര്‍ പ്രചാരണമാണ് സിനിമ ഏറ്റെടുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭയില്‍ പറഞ്ഞിരുന്നു.

സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം കേരളത്തില്‍ കാണാതായതായി ആരോപിക്കപ്പെടുന്ന ‘ഏകദേശം 32,000 സ്ത്രീകളുടെ’ പിന്നിലെ യാഥാര്‍ഥ്യം കണ്ടെത്തുക എന്ന നിലയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അവര്‍ മതംമാറി, തീവ്രവാദികളായി ഇന്ത്യയിലും ലോകത്തെ വിവിധ തീവ്രവാദ ദൗത്യങ്ങളില്‍ വിന്യസിക്കപ്പെട്ടുവെന്നും സിനിമ അവകാശപ്പെടുന്നു.

മുഖ്യമന്ത്രി വിജയന്റെ തട്ടകമായ കണ്ണൂരില്‍ ഷൂട്ടിങ്ങിനിടെയാണ് സിനിമാ സംഘത്തിന് നേരെ ആക്രമണമുണ്ടായതെന്നും സിനിമയില്‍ അഭിനയിച്ചതിന് ആദാ ശര്‍മയ്ക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നതായും സംവിധായകന്‍ പറഞ്ഞു. നിഗമനങ്ങളില്‍ എത്തിച്ചേരുന്നതിന് മുമ്പ് സിനിമ കാണണമെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു,” സെന്‍ പറഞ്ഞു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, കേരളത്തിലെ ഭരണകക്ഷിയായ സിപിഎമ്മും പ്രതിപക്ഷമായ കോണ്‍ഗ്രസും സിനിമയെക്കുറിച്ച് ആഞ്ഞടിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം സമൂഹത്തില്‍ വിഷം ചീറ്റാനുള്ള ലൈസന്‍സല്ലെന്നും സിനിമ സംസ്ഥാനത്തിന്റെ ഐക്യം തകര്‍ക്കാനുള്ള ശ്രമമാണെന്നുമാണ് അവര്‍ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here