സിപിഐഎം മുൻ സംസ്ഥാനകമ്മിറ്റി അംഗം കെ വി രാമകൃഷ്ണൻ അന്തരിച്ചു. കര്‍ഷകസംഘം മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു.
പാലക്കാട്ടെ പാർട്ടിയുടെ മുതിർന്ന നേതാവാണ്. അനാരോഗ്യംമൂലം വിശ്രമത്തിലായിരിക്കെയാണ് അന്ത്യം.
പഴയ പാലക്കാട് ജില്ലയിലെ പൊന്നാനി താലൂക്കില്‍ കുമാരനെല്ലൂരില്‍ 1950 ഏപ്രില്‍ 8 ന് ജനനം. പിതാവ്: കുണ്ടു കുളങ്ങരവളപ്പില്‍ രാമൻ. മാതാവ്: അമ്മു. കുമാരനെല്ലൂർ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പഠനം . തുടർന്ന് സംസ്‌കൃത പഠനം. കണ്ണാടി കണ്ണമ്ബരിയാരത്തായിരുന്നു താമസം. 1969 ല്‍ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) അംഗമായി. കപ്പൂർ ലോക്കല്‍ കമ്മിറ്റി അംഗം. കെഎസ് വൈഎഫ് ഒറ്റപ്പാലം താലൂക്ക് കമ്മിറ്റി അംഗം, കർഷകത്തൊഴിലാളി യൂണിയൻ തൃത്താല മണ്ഡലം സെക്രട്ടറി, 1972 മുതല്‍ 79 വരെ സിപിഐ എം പാലക്കാട് ജില്ലാ കമിറ്റി ഓഫീസ് സെക്രട്ടറി, 1980 ല്‍ പാലക്കാട് ഏരിയാ കമ്മിറ്റി അംഗം, 1981 ല്‍ സിപിഐ എം അട്ടപ്പാടി ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്നീ നിലകളില്‍ പ്രവർത്തനം. പിന്നീട് മലമ്ബുഴ- പുതുശ്ശേരി, ചിറ്റൂർ, പാലക്കാട് എന്നിവിടങ്ങളില്‍ ഏരിയാ സെക്രട്ടറിയായി പ്രവർത്തിച്ചു.
കർഷകസംഘം പാലക്കാട് ജില്ലാ ജോയിൻ്റ് സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം തുടർന്ന് സംസ്ഥാന ജോ. സെക്രട്ടറി. 2009 മുതല്‍ 2021 വരെ കർഷ കസംഘം സംസ്ഥാന സെക്രട്ടറി, എ ഐ കെ സി, സി കെ സി അംഗം, സി കെ സി എക്സ്സിക്യൂട്ടിവ് അംഗമായി പ്രവർത്തിച്ചു. സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. നിലവില്‍ കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡണ്ടും സിപിഐ എം ജില്ലാ കമ്മിറ്റി അംഗവുമാണ്. അനാരോഗ്യം മൂലം വിശ്രമത്തിലായിരുന്നു.
ഇന്ന് ഉച്ചക്ക് 2 മണിമുതല്‍ മൃതദേഹം സി പി ഐ എം പാലക്കാട് ജില്ല കമ്മിറ്റി ഓഫീസില്‍ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം പിന്നീട്.