ആദ്യമായിട്ടാണ് ഒരു മേയർ രാജുവേട്ടാ എന്ന് വിളിക്കുന്നത്

0
58

തിരുവനന്തപുരം: നഗരസഭയുടെ നേതൃത്വത്തിൽ കിഴക്കേകോട്ടയിൽ നിർമ്മിച്ച കേരളത്തിലെ ഏറ്റവും വലിയ കാൽനട മേൽപ്പാലം കഴിഞ്ഞ ദിവസമാണ് നാടിന് സമർപ്പിച്ചത്. പൊതുമരാമത്ത് മന്ത്രി ഉദ്ഘടനം ചെയ്ത ചടങ്ങിൽ അതിഥിയായി എത്തിയത് മലയാളി പ്രേക്ഷകർ ഒന്നടങ്കം നെഞ്ചിലേറ്റിയ നടൻ പ്രിഥ്വിരാജ് ആയിരുന്നു.

ചടങ്ങിൽ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ജനിച്ച നാട്ടിൽ വരുമ്പോൾ എല്ലാവർക്കും ഉണ്ടാവുന്ന സന്തോഷമാണ് തനിക്കുമുള്ളതെന്നും ആദ്യമായാണ് ഒരു മേയർ രാജുവേട്ടാ എന്ന് വിളിച്ച് പരിപാടിക്ക് ക്ഷണിക്കുന്നത്, അതുകൊണ്ട് വന്നു കളയാമെന്ന് കരുതിയാണ് പരുപാടിക്ക് എത്തിയതെന്നുമാണ് പൃഥ്വി പ്രസംഗത്തിനിടെ പറഞ്ഞത്.

സംസ്ഥാനത്തെ ഏറ്റവും നീളമേറിയ കാൽനട മേൽപാലമാണ് കിഴക്കേകോട്ടയിലേത്. ഗാന്ധിപാർക്കിനു സമീപത്ത് നിന്നാരംഭിക്കുന്ന ആകാശപാത ആറ്റുകാൽ ബസ് സ്റ്റോപ് ,കോവളം, വിഴിഞ്ഞം ബസ്്‌സ്റ്റോപ് എന്നിവിടങ്ങളിലൂടെ പാളയം,സ്റ്റാച്യൂ ബസ് സ്റ്റോപ്പുകളുടെ ഭാഗത്ത് അവസാനിക്കുന്നു.

തിരക്കേറിയ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഉണ്ടാകുന്ന അപകടങ്ങൾ കണക്കിലെടുത്താണ് മേൽപ്പാലം നിർമ്മിക്കാൻ തീരുമാനിച്ചത്. 104 മീറ്റർ നീളമുള്ള പാലം സംസ്ഥാനത്തു തന്നെ ഇത്തരത്തിലുള്ള മേൽപാലങ്ങളിൽ ഏറ്റവും നീളം കൂടിയതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here