നടപടിക്രമങ്ങൾ പാലിച്ചാണ് സ്വപ്ന സുരേഷിനെ നിയമിച്ചതെന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ്. സ്പേസ് പാർക്ക് കൺസൽറ്റൻസി കരാർ റദ്ദാക്കാനുള്ള കെഎസ്ഐടിഐഎൽ നോട്ടിസിലെ ആരോപണങ്ങൾ നിഷേധിച്ച് പ്രൈസ്‍ വാട്ടർഹൗസ് കൂപ്പേഴ്സ് രംഗത്തെത്തി.
നടപടിക്രമങ്ങൾ എല്ലാം പാലിച്ചാണ് സ്വപ്ന സുരേഷിനെ സ്പേസ് പാർക്ക് പിഎംയുവിൽ നിയമിച്ചതെന്നാണ് പിഡബ്ല്യുസിയുടെ നിയമവിഭാഗം കെഎസ്ഐടിഐഎല്ലിന് മറുപടി നൽകിയിരിക്കുന്നത്.
എം.ശിവശങ്കറിന്റെ ശുപാർശയോടെയാണു സ്വപ്ന എത്തിയതെന്ന് ചീഫ് സെക്രട്ടറിതല സമിതി കണ്ടെത്തിയിരുന്നു. എന്നാൽ ഇക്കാര്യം പിഡബ്ല്യുസിയുടെ മറുപടിയിൽ ഉണ്ടോ എന്നത് വ്യക്തമല്ല. സ്വർണക്കടത്തു കേസിൽ പ്രതി സ്വപ്ന സുരേഷ് അറസ്റ്റിലാകുകയും ജോലിക്കായി ഹാജരാക്കിയ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമെന്ന് കണ്ടെത്തുകയും ചെയ്തതോടെയാണ് കൺസൾട്ടൻസി കരാർ റദ്ദാക്കാൻ പിഡബ്ല്യുസിക്ക് നോട്ടിസ് അയച്ചത്. കരാർ ലംഘനം ചൂണ്ടിക്കാട്ടി നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരുന്നു.
ആരോപണങ്ങൾ പിഡബ്ല്യുസി നിഷേധിച്ചതോടെ തുടർനടപടി സംബന്ധിച്ച് കെഎസ്ഐടിഐഎൽ നിയമോപദേശം തേടും.സ്വപ്ന സുരേഷിന്റെ നിയമനം വിവാദമായ സാഹചര്യത്തിൽ കെ ഫോൺ പദ്ധതിയിൽ നിന്ന് പ്രൈസ്‍ വാട്ടർഹൗസ് കൂപ്പേഴ്സിനെ ഒഴിവാക്കണോയെന്ന കാര്യത്തിൽ തീരുമാനം ഉടനുണ്ടാകും.