സംസ്ഥാനത്ത് ഇന്നും വ്യാപകമായ മഴയ്ക്ക് സാധ്യത;

0
60

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയണ്.തെക്കന്‍ ഒഡിഷക്ക് മുകളിലായുള്ള ന്യൂനമര്‍ദ്ദവും ഗുജറാത്ത് തീരം മുതല്‍ കര്‍ണാടക തീരം വരെ നിലനില്‍ക്കുന്ന ന്യൂന മര്‍ദ്ദ പാത്തിയുമാണ് കാലവര്‍ഷക്കാറ്റുകളെ ശക്തമാക്കി മാറ്റുന്നത്. മഴ കണക്കിലെടുത്ത് കാസര്‍കോട്, വയനാട് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

കാസര്‍കോട് ജില്ലയില്‍ ഇന്ന് അങ്കണവാടികള്‍ക്കും എല്ലാ സ്‌ക്കൂളുകള്‍ക്കും അവധിയാണെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അറിയിച്ചിട്ടുണ്ട്. അതേസമയം കോളേജുകള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി പ്രഖ്യാപിച്ച എസ് എസ് എല്‍ സി സേ പരീക്ഷ ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ക്ക് അവധി ബാധകമല്ല എന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. അതേസമയം രൂക്ഷമായ കടലാക്രമണ സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് എന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.

കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ) 11-07-2022 ന് രാത്രി 11.30 വരെ 3.5 മുതല്‍ 4.0 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട് എന്നാണ്‌ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് നിര്‍ദേശാനുസരണം മാറി താമസിക്കണം എന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ബോട്ട്, വള്ളം, മുതലായവ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കണം.

ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കണം എന്നും നിര്‍ദേശമുണ്ട്. യെല്ലോ അലേര്‍ട്ട് സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറി താമസിക്കേണ്ട ഇടങ്ങളിലുള്ളവര്‍ സഹകരിച്ച് പ്രവര്‍ത്തിക്കണം. സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍, പോസ്റ്റുകള്‍, ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കണം. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുന്ന ഘട്ടങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here