ദില്ലി: ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ ഇനി മാസങ്ങള്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ ഹര്‍ദിക് പട്ടേല്‍ പോയതിന്റെ ക്ഷീണം മാറ്റാന്‍ പുതിയ പ്ലാനുമായി ഇറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഹൈക്കമാന്‍ഡിന്റെ ഇവിടെ കൃത്യമായി ഇടപെടുന്നുണ്ട്. രാഹുലിന്റെ ആദ്യ സമ്പൂര്‍ണ പ്രചാരണം ഗുജറാത്തില്‍ നിന്നായിരിക്കുമെന്ന് സൂചനയുണ്ട്.
അതിന് മുമ്പേ ഭാരതയാത്ര രാഹുല്‍ ആരംഭിക്കും. ഗുജറാത്തില്‍ യുവ നേതാക്കളുടെ വലിയൊരു നിരയാണ് രാഹുല്‍ ഗാന്ധിക്ക് ചുറ്റുമുണ്ടാവുക. ഹൈക്കമാന്‍ഡ് പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാരെ ഇതിനായി നിയമിച്ചിരിക്കുകയാണ്. ഗുജറാത്തില്‍ ജയിച്ചില്ലെങ്കിലും ശക്തമായൊരു പോരാട്ടം ഇത്തവണയുമുണ്ടാകുമെന്ന് രാഹുല്‍ ഉറപ്പ് നല്‍കുന്നു.
29 എംഎല്‍എമാരെയാണ് ഇതുവരെ കോണ്‍ഗ്രസിന് നഷ്ടമായത്. നിലവില്‍ 64 എംഎല്‍എമാരാണ് കോണ്‍ഗ്രിസനുള്ളത്. ഇത്തവണയും കൂറുമാറ്റത്തെ തടയാനാണ് ഇത്തരമൊരു നീക്കം കോണ്‍ഗ്രസ് നടത്തിയത്. ഹര്‍ദിക് പട്ടേലിന് പകരക്കാരുമാണ് ഇവര്‍. ഹര്‍ദിക് പോയതും നരേഷ് പട്ടേല്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് പറഞ്ഞതും കോണ്‍ഗ്രസിനെ ദുര്‍ബലമാക്കിയിട്ടുണ്ട്. ഹര്‍ദിക്കിനെ കൊണ്ട് കാര്യമായ ഗുണമുണ്ടായില്ലെന്നാണ് വിലയിരുത്തല്‍. ബിജെപിയുടെ പ്രാദേശിക നേതൃത്വത്തെ മാത്രം ലക്ഷ്യമിട്ടാല്‍ മതിയെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. രാഹുല്‍ ഗാന്ധിയും ഇതിനോട് യോജിച്ചു. മോദിയെ തൊട്ടുകളിക്കേണ്ടെന്നാണ് നിര്‍ദേശം.
ഇത്തവണ പ്രാദേശിക നേതൃത്വങ്ങള്‍ക്ക് ടിക്കറ്റ് വിതരണത്തില്‍ നിര്‍ണായക റോളുണ്ടാവും. പ്രാദേശികമായി ജനപ്രീതിയുള്ളവര്‍ക്കാവും ഇത്തവണ സ്ഥാനാര്‍ത്ഥിത്വം ലഭിക്കുക. ഭൂപേന്ദ്ര പട്ടേല്‍ ബിജെപിയുടെ ഏറ്റവും ദുര്‍ബലനായ മുഖ്യമന്ത്രിയാണെന്ന് രാഹുലിനും ഹൈക്കമാന്‍ഡിനും അറിയാം. അതുകൊണ്ട് പ്രാദേശിക പ്രശ്‌നങ്ങള്‍ നന്നായി ഉന്നയിക്കണമെന്നാണ് നിര്‍ദേശം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍കൂട്ടി പ്രഖ്യാപിക്കില്ല. കോണ്‍ഗ്രസിലെ നേതാക്കള്‍ ചേര്‍ന്നാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുക. ഒബിസി, ദളിത്, പാട്ടീദാര്‍, ഗുജ്ജര്‍ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഇത്തവണ ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ ഇടംപിടിച്ചത്. ഇതെല്ലാം ഗുജറാത്തിലെ രാഷ്ട്രീയത്തെ മാറ്റി മറിക്കുമെന്നാണ് കരുതുന്നത്.