മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്റെ അടുത്ത അനുയായികളും പാര്‍ലമെന്റിന്റെ അധോസഭയായ സ്റ്റേറ്റ് ഡ്യൂമയിലെ അംഗങ്ങളുമായ രണ്ട് എം.പിമാരുടെ മരണം ദുരൂഹത സൃഷ്ടിക്കുന്നു.
നികലോയ് ബോര്‍ട്‌സോവ് ( 77 ), ഷാഷര്‍ബെക് ഉസ്ഡെനോവ് ( 57 ) എന്നിവര്‍ ഞായറാഴ്ചയാണ് മരിച്ചത്. നികലോയ് 2003 മുതലും ഉസ്ഡെനോവ് 2021 മുതല്‍ ഡ്യൂമയിലെ അംഗങ്ങളാണ്.
ഉസ്ഡെനോവ് ഗുരുതര രോഗബാധിതനായിരുന്നു എന്നാണ് വിവരം. നികലോയ് ലിപെറ്റ്സ്കിലെ വസതിയി വച്ചാണ് മരിച്ചത്. എന്നാല്‍ കാരണം വ്യക്തമല്ല. യുക്രെയിനില്‍ ആക്രമണം ആരംഭിച്ച ശേഷം പുട്ടിന്റെ അടുത്ത അനുയായികള്‍ക്കിടെയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചവരുടെ കൂട്ടത്തിലേക്കാണ് ഇരുവരെയും പാശ്ചാത്യ മാദ്ധ്യമങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭരണകൂടവുമായി ബന്ധമുള്ള 20 ഓളം പ്രമുഖരാണ് ഇതുവരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.നികലോയ് ബോര്‍ട്‌സോവിന് യുക്രെയിന്‍ അധിനിവേശ പശ്ചാത്തലത്തില്‍ യു.എസും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 550 ദശലക്ഷം ഡോളര്‍ ആസ്തിയുള്ള ഇദ്ദേഹം റഷ്യയിലെ ഏറ്റവും സമ്ബന്നനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടിയായിരുന്നു. നികലോയ് ബ്രിട്ടീഷ് പൗരത്വം നേടിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അദ്ദേഹം അത് തള്ളിയിരുന്നു. ഷാഷര്‍ബെക് ഉസ്ഡെനോവിന് യു.എസും ന്യൂസിലന്‍ഡും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.