Blood Pressure| കുട്ടികളിലെ രക്തസമ്മർദ്ദം;

0
113
ഇന്ന് ഭൂരിഭാഗം ആളുകളിലും കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് രക്തസമ്മർദ്ദം. എന്നാൽ ഇത് മുതിർന്നവരെ മാത്രം ബാധിക്കുന്ന അവസ്ഥയാണെന്ന് പലരും തെറ്റിദ്ധരിച്ചേക്കാം. ചെറുപ്പക്കാരിലും കുട്ടികളിലും വരെ ഇന്ന് രക്തസമ്മർദ്ദം കാണുന്നുണ്ട്. അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (എ.എ.പി) അനുസരിച്ച് 3.5 ശതമാനം കുട്ടികൾക്കും കൗമാരക്കാർക്കും ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. വിവിധ പ്രായത്തിലുള്ള കുട്ടികളുടെ നോർമൽ രക്തസമ്മർദ്ദ നിരക്ക് വ്യത്യസ്തമായിരിക്കും. കുട്ടികൾ വളരുന്നതിനനുസരിച്ച് നിരക്കിൽ മാറ്റങ്ങൾ ഉണ്ടാകാം. എന്നിരുന്നാൽ കൗമാരക്കാരിൽ ഉയർന്ന രക്തസമ്മർദ്ദം മുതിർന്നവരുടേതിന് തുല്യമാണ്.

കുട്ടികളിലെ ഉയർന്ന രക്തസമ്മർദ്ദം എന്തെങ്കിലും പ്രത്യേക രോഗാവസ്ഥ മൂലം ഉണ്ടാകാനാണ് സാധ്യത. മുതിർന്നവരുടേതിന് സമാനമായ  കാരണങ്ങളാൽ മുതിർന്ന കുട്ടികൾക്കും ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാം. അമിത ഭാരം, പോഷകാഹാര കുറവ്, വ്യായാമക്കുറവ് എന്നിവയാണ് പലപ്പോഴും ഇതിന് കാരണം.

ഉപ്പ് (സോഡിയം) കുറവുള്ള ഭക്ഷണം കഴിക്കുന്നതും ഹൃദയത്തിന് ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും കൂടുതൽ വ്യായാമം ചെയ്യുന്നതും ജീവിതശൈലി മാറ്റങ്ങൾ കൊണ്ടുള്ള കുട്ടികളിലെ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. എന്നാൽ ചില കുട്ടികൾക്ക് മരുന്നുകൾ ആവശ്യമായി വന്നേക്കാം.

ലക്ഷണങ്ങൾ

ഉയർന്ന രക്തസമ്മർദ്ദം സാധാരണയായി രോഗലക്ഷണങ്ങൾ ഉണ്ടാക്കുന്നില്ല. എന്നാൽ ചിലപ്പോൾ ചില ലക്ഷണങ്ങൾ കാണിച്ചേക്കാം. അവ എന്തൊക്കെയാണെന്ന് നോക്കാം.

തലവേദന

ഛർദ്ദി

നെഞ്ചു വേദന

വേഗമേറിയ ഹൃദയമിടിപ്പ്

ശ്വാസംമുട്ടൽ

നിങ്ങളുടെ കുട്ടിക്ക് ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അടിയന്തര വൈദ്യസഹായം തേടുക. കുട്ടിയുടെ മൂന്നാം വയസ്സ് മുതൽ പതിവ് പരിശോധനകൾ നടത്തേണ്ടതുണ്ട്. ഈ പരിശോധനയിൽ കുട്ടിക്ക് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടെന്ന് കണ്ടെത്തിയാൽ തുടർ പരിശോധനകളും നടത്തണം. വർഷത്തിൽ ഒരു തവണ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.

പ്രായം തികയാതെയുള്ള ജനനം, ഭാരക്കുറവ്, ഹൃദ്രോഗം, വൃക്ക പ്രശ്നങ്ങൾ എന്നിവയുൾപ്പെടെ നിങ്ങളുടെ കുട്ടിക്ക് ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന അവസ്ഥയുണ്ടെങ്കിൽ രക്തസമ്മർദ്ദ പരിശോധന കുഞ്ഞിന്റെ ജനനത്തിനു തൊട്ടുപിന്നാലെ തന്നെ ആരംഭിച്ചേക്കാം. കുട്ടിക്ക് അമിതവണ്ണം പോലുള്ള രക്തസമ്മർദ്ദ അപകട ഘടകമുണ്ടെന്ന് ആശങ്കയുണ്ടെങ്കിൽ കുട്ടിയെ പരിശോധിക്കുന്ന ഡോക്ടറെ സമീപിക്കുക.

കാരണങ്ങൾ

ചെറിയ കുട്ടികളിലെ ഉയർന്ന രക്തസമ്മർദ്ദം പലപ്പോഴും ഹൃദയ വൈകല്യങ്ങൾ, വൃക്കരോഗങ്ങൾ, ജനിതക അവസ്ഥകൾ അല്ലെങ്കിൽ ഹോർമോൺ തകരാറുകൾ തുടങ്ങിയ മറ്റ് ആരോഗ്യ അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. അമിതഭാരമുള്ള മുതിർന്ന കുട്ടികളിൽ രക്തസമ്മർദ്ദ സാധ്യത കൂടുതലാണ്. കുട്ടിയുടെ ആരോഗ്യസ്ഥിതി, ജനിതക ശാസ്ത്രം, ജീവിതശൈലി ഘടകങ്ങൾ എന്നിവയാണ് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുന്ന അപകട ഘടകങ്ങൾ.
പ്രൈമറി ഹൈപ്പർടെൻഷൻ

പ്രൈമറി ഹൈപ്പർടെൻഷൻ  തിരിച്ചറിയാൻ കഴിയുന്ന ഒരു ലക്ഷണങ്ങളുമില്ലാതെയാണ് കുട്ടികളെ ബാധിക്കുക. സാധാരണ ഗതിയിൽ, കുട്ടിക്ക് ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്ന് പരിശോധനയിലൂടെ മാത്രമേ തീർച്ചപ്പെടുത്താനാകൂ. 6 വയസും അതിൽ കൂടുതലുമുള്ള കുട്ടികളിൽ ഇത്തരത്തിലുള്ള ഉയർന്ന രക്തസമ്മർദ്ദം കൂടുതലായി കാണപ്പെടുന്നു. പ്രൈമറി ഹൈപ്പർടെൻഷന് കാരണമാകുന്ന പ്രധാന ഘടകങ്ങൾ

– അമിതഭാരം അല്ലെങ്കിൽ അമിതവണ്ണം

– പാരമ്പര്യമായുള്ള ഉയർന്ന രക്തസമ്മർദ്ദം

– ടൈപ്പ് 2 പ്രമേഹം

– ഉയർന്ന കൊളസ്ട്രോൾ നില

– ഉപ്പ് അമിതമായി കഴിക്കുന്നത്

– ഹിസ്പാനിക്

– പ്രായപൂർത്തിയാകുന്നതിന്റെ ഭാഗമായുള്ള മാറ്റങ്ങൾ

– പുകവലി

സെക്കൻഡറി ഹൈപ്പർടെൻഷൻ

സെക്കൻഡറി ഹൈപ്പർടെൻഷൻ മറ്റൊരു അവസ്ഥ മൂലമാണ് ഉണ്ടാകുന്നത്. ചെറിയ കുട്ടികളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. സെക്കൻഡറി ഹൈപ്പർടെൻഷന്റെ പ്രധാന കാരണങ്ങൾ ഇവയാണ്:

– വിട്ടുമാറാത്ത വൃക്ക സംബന്ധമായ രോഗങ്ങൾ

– പോളിസിസ്റ്റിക് വൃക്ക രോഗം

– അയോർട്ടയുടെ കടുത്ത സങ്കോചം പോലുള്ള ഹൃദയ പ്രശ്‌നങ്ങൾ

– അഡ്രീനൽ തകരാറുകൾ

– ഹൈപ്പർതൈറോയിഡിസം

– വൃക്കയിലേക്കുള്ള ധമനിയുടെ ചുരുങ്ങൽ (റിനൽ ആർട്ടറി സ്റ്റെനോസിസ്)

– ഉറക്ക തകരാറുകൾ

– കൊക്കെയ്ൻ, മെത്താംഫെറ്റാമൈൻ എന്നിവയും സമാനമായ മരുന്നുകളും

– ശ്രദ്ധക്കുറവ്/ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി)

–  കഫീൻ, നോൺ-സ്റ്റിറോയിഡൽ ആന്റി-ഇൻഫ്‌ലമേറ്ററി മരുന്നുകൾ (എൻഎസ്എഐഡികൾ), സ്റ്റിറോയിഡുകൾ എന്നിവയുടെ ഉപയോഗം

കുട്ടികളിലെ രക്തസമ്മർദ്ദം കൊണ്ടുണ്ടാകുന്ന സങ്കീർണതകൾ

ഉയർന്ന രക്തസമ്മർദ്ദമുള്ള കുട്ടികൾക്ക് ചികിത്സ ആരംഭിച്ചില്ലെങ്കിൽ പ്രായമാകുമ്പോഴും ഉയർന്ന രക്തസമ്മർദ്ദം തുടരാൻ സാധ്യതയുണ്ട്. നിങ്ങളുടെ കുട്ടിയുടെ ഉയർന്ന രക്തസമ്മർദ്ദം പ്രായപൂർത്തിയായതിനു ശേഷവും തുടരുകയാണെങ്കിൽ കുട്ടിക്ക് താഴെ അപകട സാധ്യതകളുണ്ട്:

– സ്‌ട്രോക്ക്

– ഹൃദയാഘാതം

– ഹൃദയസ്തംഭനം

– വൃക്കരോഗം

പ്രതിരോധ മാർഗങ്ങൾ

നിങ്ങളുടെ കുട്ടിയുടെ ഭാരം നിയന്ത്രിക്കുക, ഉപ്പ് (സോഡിയം) കുറവുള്ള ആരോഗ്യകരമായ ഭക്ഷണക്രമം നൽകുക, വ്യായാമം ചെയ്യാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക, ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുക എന്നീ പ്രക്രിയകളിലൂടെ കുട്ടികളിലെ ഉയർന്ന രക്തസമ്മർദ്ദം തടയാനാകും. കുട്ടികൾക്കും കൗമാരക്കാർക്കും ദിവസവും 60 മിനിറ്റോ അതിൽ കൂടുതലോ ശാരീരിക പ്രവർത്തനങ്ങൾ ലഭിക്കേണ്ടത് പ്രധാനമാണ്. ഇതിനായി കുട്ടികളെ കളികളോ ലഘുവ്യായാമങ്ങളോ ശീലിപ്പിക്കുക. മറ്റു കുട്ടികൾക്കൊപ്പം ദിവസവം കുട്ടികളെ കളിക്കാൻ അനുവദിക്കുക.

ഡാഷ് ഡയറ്റ് 

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്, തങ്ങളുടെ ഗവേഷണത്തിൽ നിന്ന് രൂപകൽപ്പന ചെയ്ത ഡാഷ് ഡയറ്റ് രക്തസമ്മർദ്ദം ക്രമപ്പെടുത്താൻ സഹായിക്കും. ഡാഷ് ഡയറ്റ് ഹൈപ്പർ ടെൻഷൻ കുറയ്ക്കാനുള്ള അംഗീകരിക്കപ്പെട്ട ഭക്ഷണക്രമമാണ്. ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം, പാൽ, പാൽ ഉത്പന്നങ്ങൾ തുടങ്ങിയവ അടങ്ങിയതാണ് ഡാഷ് ഡയറ്റ്. ഒലിവ് ഓയിലാണ് രക്തസമ്മർദ്ദം ഉള്ളവർ പാചകത്തിനായി ഉപയോഗിക്കേണ്ടത്. ഡാഷ് ഡയറ്റ് പിന്തുടരുന്നതിലൂടെ മാത്രം രക്തസമ്മർദം 10 മി.മീ. വരെ കുറയ്ക്കാനാകും. ടിൻഫുഡ്, വറുത്ത ഭക്ഷണ സാധനങ്ങൾ, ബേക്കറി പലഹാരങ്ങൾ, അഡിറ്റീവുകൾ തുടങ്ങിയവ ഒഴിവാക്കണം.

കുട്ടികൾക്ക് വേണ്ട നോർമൽ രക്തസമ്മർദ്ദം:

എല്ലാ കുട്ടികൾക്കും സാധാരണമായി കണക്കാക്കപ്പെടുന്ന കൃത്യമായ രക്തസമ്മർദ്ദ നില ഇല്ലെന്ന് തന്നെ പറയാം. ഒരു കുട്ടിയുടെ ആരോഗ്യകരമായ രക്തസമ്മർദ്ദം അവരുടെ പ്രായം, ഉയരം, ലിംഗഭേദം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. 13 വയസ്സിനു മുകളിലുള്ളവരുടെ സാധാരണ രക്തസമ്മർദ്ദ നില കൗമാരക്കാരുടേതോ മുതിർന്നവരുടേതിനോ തുല്യമാണ്.

– 1 മാസം വരെയുള്ള നവജാതശിശുക്കൾക്ക് സിസ്റ്റോളിക് മർദ്ദം 60-90 mm Hg ഉം ഡയസ്റ്റോളിക് മർദ്ദം  20-60 mm Hg ഉം ആണ്.

– ശിശുക്കളുടെ സിസ്റ്റോളിക് മർദ്ദം 87-105 mm Hg ഉം ഡയസ്റ്റോളിക് മർദ്ദം 53-66 mm Hg ഉം ആണ്.

– രണ്ട് വയസ്സുവരെയുള്ള കുഞ്ഞുങ്ങളുടെ സിസ്റ്റോളിക് മർദ്ദം 95-105 mm Hg ഉം ഡയസ്റ്റോളിക് മർദ്ദം 53-66 mm Hg ഉം ആണ്.

– സ്‌കൂളിൽ പോകുന്ന പ്രായത്തിനു മുമ്പുള്ള കുഞ്ഞുങ്ങളും സിസ്റ്റോളിക് മർദ്ദം 95-110 mm Hg, ഡയസ്റ്റോളിക് മർദ്ദം 56-70 mm Hg

– സ്‌കൂൾ പ്രായമുള്ള കുട്ടിയുടെ സിസ്റ്റോളിക് മർദ്ദം 97-112 mm Hg, ഡയസ്റ്റോളിക് മർദ്ദം 57-71 mm Hg

LEAVE A REPLY

Please enter your comment!
Please enter your name here