തിരുവനന്തപുരം: മൃഗശാലയില്‍ നിറുത്തിയിട്ടിരുന്ന ബാറ്ററി കാറില്‍ സന്ദര്‍ശകരായ കുട്ടികള്‍ കയറിയിരുന്ന് കളിച്ചതിനെത്തുടര്‍ന്ന് പിന്നോട്ടുരുണ്ട കാറിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്.
തെലങ്കാന സ്വദേശി ഗുന്താ ഗൗതം, കര്‍ണാടക സ്വദേശി സിന്ധു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. ഗുന്താ ഗൗതത്തിന്റെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹം പട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
അവധി ദിവസമായിരുന്നതിനാല്‍ മൃഗശാലയില്‍ സന്ദര്‍ശകരുടെ തിരക്കേറെയായിരുന്നു. യാത്രക്കാരുടെ വിവരങ്ങളറിയാന്‍ പ്രവേശന കവാടത്തിന് സമീപം കാര്‍ നിറുത്തി ഓപ്പറേറ്റര്‍ കൗണ്ടറിലേക്ക് പോയ സമയത്തായിരുന്നു സംഭവം.
തമിഴ്‌നാട്ടില്‍ നിന്നെത്തിയ സംഘത്തിലെ കുട്ടികളാണ് താക്കോലില്ലാതെ കാര്‍ സ്റ്റാര്‍ട്ട് ചെയ്തത്. ഫോട്ടോയെടുക്കുന്നതിനിടെ മൂന്ന് കുട്ടികളിലൊരാള്‍ ആക്‌സിലേറ്ററില്‍ ചവിട്ടുകയും സ്വിച്ച് ഓണ്‍ ആക്കുകയും ചെയ്തു. പിന്നിലേക്ക് ഉരുണ്ട കാര്‍ പൂന്തോട്ടത്തിന് ചുറ്റുമുള്ള കെട്ടിലിടിച്ചാണ് നിന്നത്. ഇതിനിടെയാണ് രണ്ടുപേരെ ഇടിച്ചിട്ടത്. ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും കുട്ടികളും വീട്ടുകാരും മൃഗശാലയ്ക്കുള്ളിലേക്ക് പോയി. സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇവരെ കണ്ടെത്തിയത്. മൃഗശാല അധികൃതരുടെ പരാതിയില്‍ മ്യൂസിയം പൊലീസ് കേസെടുത്തു.