ന്യൂയോര്‍ക്ക് : കുപ്രസിദ്ധ മെക്‌സിക്കന്‍ ലഹരിമരുന്ന് മാഫിയ തലവനായ വാകീന്‍ ഗുസ്മാന്‍ എന്ന ‘ എല്‍ ചാപ്പോ’യുടെ മക്കള്‍ ശത്രുക്കളെ കൊന്നിരുന്നത് തങ്ങളുടെ വളര്‍ത്തു കടുവകളെ ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്.
ഇവര്‍ ഇരകളില്‍ ചിലരെ ജീവനോടെയോ അല്ലെതെയോ കടുവകള്‍ക്ക് നല്‍കിയിരുന്നതായി യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് ലഭിച്ച വിവരത്തെ അടിസ്ഥാനമാക്കി ഒരു അമേരിക്കന്‍ മാദ്ധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.
കൊലപാതകം, കള്ളപ്പണം വെളുപ്പിക്കല്‍, മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും മയക്കുമരുന്ന് മാഫിയ സംഘമായ സിനലോവ കാര്‍ട്ടലിന്റെ സ്ഥാപകനുമായ എല്‍ ചാപ്പോ നിലവില്‍ അമേരിക്കയിലെ കൊളറാഡോയിലെ ഫെഡറല്‍ ജയിലില്‍ ജീവപര്യന്തം തടവിലാണ്.
എല്‍ ചാപ്പോയുടെ അഭാവത്തില്‍ മക്കളായ ഇവാന്‍, ജീസ് ആല്‍ഫ്രെഡോ, ഒവിഡിയോ എന്നിവരാണ് സിനലോവ കാര്‍ട്ടലിനെ നയിച്ചിരുന്നത്. ഇതില്‍ ഒവിഡിയോയെ ( 32 ) ജനുവരിയില്‍ മെക്സിക്കന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ വിട്ടുകിട്ടാന്‍ മെക്സിക്കോയെ സമീപിച്ചിരിക്കുകയാണ് യു.എസ്.
ചാപിറ്റോസ് അല്ലെങ്കില്‍ ലിറ്റില്‍ ചാപ്പോസ് എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. എതിരാളികളായ മയക്കുമരുന്ന് സംഘാംഗങ്ങള്‍ മുതല്‍ മെക്സിക്കന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരെ ഇവര്‍ വധിച്ചവരുടെ പട്ടികയിലുണ്ട്. വൈദ്യുതാഘാതമേല്‍പ്പിച്ച് കൊലപ്പെടുത്തുന്നതും ഇവരുടെ വിനോദമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് എല്‍ ചാപ്പോയുടെ മക്കളുമായി ബന്ധപ്പെട്ട് യു.എസിലുള്ളത്.