ജുഡിഷ്യല്‍ പരിഷ്കരണം: ഇസ്രയേലില്‍ വീണ്ടും പ്രതിഷേധം.

0
56

ടെല്‍ അവീവ് : ഇസ്രയേലില്‍ ജുഡിഷ്യല്‍ വ്യവസ്ഥ പരിഷ്കരിക്കാനുള്ള പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വിവാദ നീക്കത്തിനെതിരെ വീണ്ടും വന്‍ പ്രതിഷേധം.

ശനിയാഴ്ച രാത്രി രാജ്യത്ത് അരങ്ങേറിയ പ്രക്ഷോഭങ്ങളില്‍ പതിനായിരക്കണക്കിന് പേര്‍ പങ്കെടുത്തു.

നാളെ രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനം ആചരിക്കാനിരിക്കെയാണ് പ്രതിഷേധം. സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ശക്തമായതോടെ ജുഡിഷ്യല്‍ പരിഷ്കരണത്തിനുള്ള നടപടിക്രമങ്ങള്‍ താത്കാലികമായി നിറുത്തിവച്ചതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ മാസം അറിയിച്ചിരുന്നു. എന്നാല്‍ ഈ മാസം അവസാനം നിയമം പാസാക്കാനുള്ള ചര്‍ച്ചകള്‍ പുനഃരാരംഭിക്കുമെന്ന് അറിയിച്ചിരുന്നു. നിയമത്തിനെതിരെ ടെല്‍ അവീവില്‍ 16 ആഴ്ചയായി പ്രതിഷേധം തുടരുന്നുണ്ട്.

പാര്‍ലമെന്റിലെ കേവല ഭൂരിപക്ഷത്തിന് സുപ്രീം കോടതി വിധികള്‍ അസാധുവാക്കാനുള്ള അധികാരമുണ്ടായിരിക്കുമെന്ന് സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്. പരിഷ്കാരങ്ങള്‍ ജഡ്ജിമാരുടെ നിയമനത്തില്‍ രാഷ്ട്രീയക്കാര്‍ കൂടുതല്‍ സ്വാധീനം ചെലുത്താനും കാരണമാകും.

പരിഷ്കരണം നടപ്പായാല്‍ അധികാരത്തില്‍ തുടരാന്‍ യോഗ്യമല്ലെന്ന് കണ്ടെത്തുന്ന ഒരു നേതാവിനെ പുറത്താക്കുന്നത് കോടതിക്ക് വെല്ലുവിളിയാകും. നിയമം ഏത് വിധേനയും നടപ്പാക്കണമെന്നാണ് നെതന്യാഹു സര്‍ക്കാരിലെ തീവ്ര വലതുപക്ഷ കക്ഷികളുടെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here