തമിഴ് സിനിമ ഹിന്ദിയിലേക്കു മൊഴിമാറ്റി കാശുണ്ടാക്കാം; പക്ഷേ, ഹിന്ദിയോട് പുച്ഛം: പരിഹസിച്ച് പവന്‍ കല്യാണ്‍

0
14

അമരാവതി: സ്‌കൂളുകളില്‍ ഹിന്ദി ഭാഷ നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച വാക്‌പോരില്‍ അണിനിരന്ന് കൂടുതല്‍ രാഷ്ട്രീയ നേതാക്കള്‍. കേന്ദ്രം ഹിന്ദി അടിച്ചേല്‍പ്പിക്കുന്നുവെന്ന് ആരോപിക്കുന്ന തമിഴ്നാട് നേതാക്കള്‍ക്കെതിരേ കടുത്ത വിമര്‍ശനവുമായി എത്തിയിരിക്കുന്നത് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണാണ്.

ഹിന്ദി ഭാഷയ്‌ക്കെതിരേയുള്ള തമിഴ്‌നാട് നേതാക്കളുടെ വാദങ്ങള്‍ കപടതയാണെന്ന് ആരോപിച്ച പവന്‍ കല്യാണ്‍ ഹിന്ദിയെ എതിര്‍ക്കുന്നവര്‍ തമിഴ് സിനിമകള്‍ ഹിന്ദിയിലേക്കു മൊഴി മാറ്റി ലാഭം കൊയ്യുന്നത് എന്തിനാണെന്നും ചോദിച്ചു.

‘ചിലര്‍ ദേശീയ വിദ്യാഭ്യാസ നയത്തെ വിമര്‍ശിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. തമിഴ്നാട് നേതാക്കള്‍ ഹിന്ദിയെ എതിര്‍ക്കുമ്പോള്‍ തന്നെ സാമ്പത്തിക നേട്ടത്തിനായി അവരുടെ സിനിമകള്‍ ഹിന്ദിയില്‍ ഡബ്ബ് ചെയ്യാന്‍ അനുവദിക്കുന്നത് എന്തുകൊണ്ടാണ്? അവര്‍ക്ക് ബോളിവുഡില്‍ നിന്ന് പണം വേണം, പക്ഷേ ഹിന്ദി സ്വീകരിക്കാന്‍ വിസമ്മതിക്കുന്നു. അത് എന്ത് യുക്തിയാണ്?’ ആന്ധ്രാപ്രദേശിലെ കാക്കിനടയിലെ പീതംപുരത്ത് പാര്‍ട്ടിയുടെ 12-ാം സ്ഥാപക ദിനത്തില്‍ പ്രസംഗിക്കവേ പവന്‍ കല്യാണ്‍ വിമര്‍ശിച്ചു. ഹിന്ദിയെ എതിര്‍ക്കുന്നവര്‍ എന്തിനാണ് സിനിമകള്‍ ഡബ്ബ് ചെയ്ത് ലാഭം നേടുന്നതെന്ന് അദ്ദേഹം ചോദിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെയും മറ്റു നേതാക്കളുടെയും ആരോപണങ്ങള്‍ക്ക് മറുപടിയായാണ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെ ചോദ്യം. ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തെ പരാമര്‍ശിച്ച കല്യാണ്‍, രാജ്യത്തിന് രണ്ട് പ്രബല ഭാഷകളല്ല, തമിഴ് ഉള്‍പ്പെടെ എല്ലാ ഭാഷകളും ആവശ്യമാണെന്ന് പറഞ്ഞു. ‘ഇന്ത്യയ്ക്ക് തമിഴ് ഉള്‍പ്പെടെ ഒന്നിലധികം ഭാഷകള്‍ ആവശ്യമാണ്, അല്ലാതെ രണ്ടെണ്ണം മാത്രമല്ല. നമ്മുടെ രാജ്യത്തിന്റെ അഖണ്ഡത നിലനിര്‍ത്താന്‍ മാത്രമല്ല, ജനങ്ങള്‍ക്കിടയില്‍ സ്‌നേഹവും ഐക്യവും വളര്‍ത്താനും ഭാഷാ വൈവിധ്യം അംഗീകരിക്കണം’ – കല്യാണ്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here