അവസാന നിമിഷം കേരളം

0
52

മൈതാനത്ത് കാൽപ്പന്തുകളി ഒളിപ്പിച്ചുവെക്കുന്നൊരു അപ്രവചനീയതയുണ്ട്. മരണം മുഖാമുഖം കാണുന്ന നിമിഷങ്ങളിൽ പോലും പ്രതീക്ഷയോടെ കാത്തിരിക്കാൻ പ്രാപ്തമാക്കുന്ന ഒന്ന്. കാൽപ്പന്തുകളിയുടെ സൗന്ദര്യവും ആത്മാവും ഈ അപ്രവചനീയതയാണ്. മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽ തളർന്നിരുന്ന പതിനായിരങ്ങളെ ആവേശത്തിന്റെ പരകോടിയിലേക്ക് വലിച്ചെറിഞ്ഞതും ആങ്ങനെയൊരു നിമിഷമാണ്. ഒരു പക്ഷേ കാൽപ്പന്തുകളിക്ക് മാത്രം സാധ്യമാകുന്ന ഒന്ന്.

സന്തോഷ് ട്രോഫി കലാശപ്പോരിന്റെ ഒന്നാം പകുതി ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും കണ്ടതായിരുന്നു . ബംഗാളിന്റെ മുന്നേറ്റ താരങ്ങൾ കേരളത്തിന്റെ പെനാൽറ്റി ബോക്സിൽ പല കുറി കയറിയിറങ്ങി. കേരളം പലപ്പോഴും പ്രതിരോധിക്കാൻ ബുദ്ധിമുട്ടി. കിട്ടിയ അവസരങ്ങളിൽ കേരളവും മുന്നേറി. ബംഗാളിന്റെ ഹൈ പ്രസ്സിംഗ് ഗെയിമിൽ കേരളം വലഞ്ഞു. ഗോൾ രഹിതമായിട്ടാണ് ഒന്നാം പകുതി അവസാനിച്ചത്. രണ്ടാം പകുതിയിലും അവസരങ്ങൾ കിട്ടിയെങ്കിലും ഗോൾ മാത്രം ഒഴിഞ്ഞു നിന്നു. പിന്നെ എക്സ്ട്രാ ടൈമിലേക്ക്.

അലകടലായ മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയം എക്സ്ട്രാ ടൈമിന്റെ എഴാം മിനിറ്റിൽ ഒന്നടങ്കം നിശ്ചലമായി. ഗാലറിയിലലയടിച്ചു കൊണ്ടിരുന്ന ആരവങ്ങൾ നിലച്ചു. ബംഗാളിന്റെ 20-ാം നമ്പറുകാരന്റെ ഹെഡർ കേരളത്തിന്റെ സ്വപ്നങ്ങളെ കീറിമുറിച്ചാണ് വലകുലുക്കിയത്.അവിടെ കേരളത്തിന്റെ എഴാം കിരീടമെന്ന സ്വപ്നം ചിന്നിച്ചിതറി. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഗാലറി നിശബ്ദമായിരുന്നു.

പക്ഷേ പ്രതീക്ഷകൾ അവസാനിച്ചില്ല. കേരളം പൊരുതിക്കൊണ്ടേയിരുന്നു. 117-ാം മിനിറ്റിൽ മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയം മറ്റൊരു ഹെഡറിന് കൂടി സാക്ഷ്യം വഹിച്ചു. അത് പക്ഷേ ഗാലറികളുടെ ആവേശം പരകോടിയിലേക്ക് വലിച്ചെറിയുന്നതായിരുന്നു. കേരളത്തിന്റെ സ്വപ്നങ്ങൾ അവിടെ തുന്നിച്ചേർക്കപ്പെട്ടു. പിന്നെയുളള മൂന്ന് മിനിറ്റുകൾ കേരളം ശ്വാസമടക്കിയാണ് കണ്ടത്. ശേഷം പെനാൽറ്റി ഷൂട്ടൗട്ട്. 2018-ന്റെ ആവർത്തനം പോലെ ബംഗാളിനെ കീഴടക്കി ഏഴാം സന്തോഷ് ട്രോഫി കിരീടമുയർത്തി.

കേരളവും ബംഗാളും സന്തോഷ് ട്രോഫിയുടെ കലാശപോരിൽ എറ്റുമുട്ടിയത് നാല് തവണയാണ്. നാല് തവണയും കിരീടജേതാക്കളെ നിർണയിച്ചത് ഷൂട്ടൗട്ടിലാണ്. ഇതിന് മുന്നേ 1989, 1994, 2018 വർഷങ്ങളിലാണ് കേരളവും ബംഗാളും സന്തോഷ് ട്രോഫിയുടെ കലാശപോരിൽ എറ്റുമുട്ടിയത്. നാല് തവണയും ഷൂട്ടൗട്ടിൽ വിധി നിർണയിക്കപ്പെട്ടു. ഇരു ടീമുകളും രണ്ട് തവണ ജയിച്ചു.

1989-ലാണ് കേരളവും ബംഗാളും ആദ്യമായി സന്തോഷ് ട്രോഫിയുടെ ഫൈനലിൽ ഏറ്റുമുട്ടുന്നത്. കേരളത്തിന്റെ മൂന്നാം ഫൈനലും ബംഗാളിന്റെ 33-ാം ഫൈനലും. ആ സമയം 22 തവണ ബംഗാളിന്റെ പേര് സന്തോഷ് ട്രോഫി കിരീടത്തിൽ ആലേഖനം ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു. കേരളത്തിന് പുറത്ത് കേരളം ഫൈനൽ കളിക്കുന്നത് അന്നാദ്യമായിരുന്നു.

ബംഗാൾ ശക്തമായി നിരയായിരുന്നു അന്ന്. മുന്നേറ്റങ്ങളുമായി രണ്ട് ടീമുകളും കളം നിറഞ്ഞു കളിച്ചു. ഒമ്പതാം മിനിറ്റിൽ ബംഗാൾ മുന്നിലെത്തി.ബാബു മണിയായിരുന്നു സ്കോറർ. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുന്നേ കേരളം ഗോൾ മടക്കി. രണ്ടാം പകുതിയും എക്സ്ട്രാ ടൈമും ഗോൾ രഹിതമായി തുടർന്നു. പിന്നെ ഷൂട്ട് ഔട്ടിലേക്ക്. ഗുവാഹട്ടിയിലെ നെഹ്റു സ്റ്റേഡിയത്തിൽ കേരളം ഷൂട്ടൗട്ടിൽ പരാജയപ്പെട്ടു. 23-ാം കിരീടവുമായി ബംഗാൾ മടങ്ങി.

1994-ലെ സന്തോഷ് ട്രോഫി ഫൈനലിൽ ബംഗാളും കേരളവും വീണ്ടും ഏറ്റുമുട്ടി. കട്ടക്കിലായിരുന്നു മത്സരം. ബംഗാളും കേരളവും ആക്രമിച്ച് കളിച്ച മത്സരമായിരുന്നു അത്. പക്ഷേ നിശ്ചിത സമയത്ത് ജേതാക്കളെ നിർണയിക്കാനായില്ല. എക്സ്ട്രാം ടൈം അവസാനിക്കുമ്പോൾ ഇരു ടീമുകളും രണ്ട് ഗോളാണ് നേടിയത്. പക്ഷേ പെനാൽറ്റി ഷൂട്ടൗട്ടിൽ കേരളത്തിന് വീണ്ടും അടിതെറ്റി. 5-3 ന് ബംഗാൾ ഷൂട്ടൗട്ട് ജയിച്ചു കയറി.

പിന്നീട് ബംഗാളും കേരളവും കലാശപ്പോരിൽ ഏറ്റുമുട്ടുന്നത് 2018 ലാണ്. അതും ബംഗാളിൽ. ചരിത്രങ്ങളെല്ലാം ബംഗാളിന് അനുകൂലമായിരുന്നു. ബംഗാളിൽ അതുവരെ ഒരു ഫൈനലും അവർ തോറ്റിട്ടില്ല. കേരളം ഇതു വരെ ഫൈനലിൽ ബംഗാളിനെ തോൽപ്പിച്ചിട്ടുമില്ല. കലാശപ്പോര് പതിവുപോലെ ആവേശഭരിതമായിരുന്നു. കളിയുടെ മുഴുവൻ സമയവും അവസാനിക്കുന്നത് 1-1 എന്ന് സ്കോറിനാണ്. എക്സ്ട്രാ ടൈമിലും ഇരുടീമും സ്കാർ ചെയ്തു. വീണ്ടുമൊരു ഷൂട്ടൗട്ട്. പക്ഷേ അന്ന് സാൾട്ട് ലേക്കിൽ പുതിയൊരു ചരിത്രം പിറന്നു. ആദ്യമായി കലാശപ്പോരിൽ ബംഗാളിനെ തോൽപ്പിച്ചു. മിഥുൻ വാഴയിൽ എന്ന കേരള ഗോൾകീപ്പർ രക്ഷകനായി അവതരിച്ചു. ബംഗാളിന്റെ ആദ്യ രണ്ട് കിക്കും തടുത്തു. 4-2 ന് മത്സരം ജയിച്ചു. കേരളത്തിന്റെ ആറാം സന്തോഷ് ട്രോഫി കിരീടമായിരുന്നു അത്.

ചരിത്രത്തിന്റെ ആവർത്തനം പോലെ വീണ്ടുമൊരു പെനാൽറ്റി ഷൂട്ടൗട്ട്. മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയം നെഞ്ചിടിപ്പോടെയാണ് ഓരോ കിക്കും കണ്ടത്. കേരളത്തിന്റെ അവസാന കിക്ക് വലയിലേക്ക് കയറുമ്പോൾ അങ്ങ് മഞ്ചേരിയും മലപ്പുറവും മാത്രമല്ല ലോകമെമ്പാടുമുളള മലയാളികൾ മുഴുവൻ ആഘോഷത്തിലാറാടുകയായിരുന്നു. ആരവങ്ങളും ആർപ്പുവിളികളും കൊണ്ട് മുഖരിതമായ പയ്യനാട് സ്റ്റേഡിയത്തിൽ കേരളം എഴാം സന്തോഷ് ട്രോഫി കിരീടമുയർത്തി. പിന്നെ ഉത്സവമായിരുന്നു. അതിരുകളില്ലാത്ത ആനന്ദത്തിൽ കേരളമൊട്ടാകെ ആഘോഷത്തിമിർപ്പിലേക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here