ബംഗളൂരു• കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ സ്ഥാനം തെറിച്ചേക്കുമെന്ന് റിപ്പോർട്ട്. 2023ൽ സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന്റെ മുന്നോടിയായാണ് ബിജെപി കേന്ദ്ര നേതൃത്വം മാറ്റം വരുത്താൻ ആലോചിക്കുന്നത്.
ബസവരാജ് ബൊമ്മെ അധികാരമേറ്റതിന് ശേഷം സംസ്ഥാനത്ത് നിരവധി വിവാദങ്ങൾ ഉടലെടുത്തതോടെയാണ് കേന്ദ്ര നേതൃത്വം അതൃപ്തിയിലായത്. വിവാദങ്ങൾ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കുമെന്നും കേന്ദ്രം ആശങ്കപ്പെടുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കർണാടക സന്ദർശനം നടത്തുന്നത് ഇതിന് മുന്നോടിയായാണെന്നാണ് സൂചന. മന്ത്രിസഭാ വികസനവും വൈകാതെയുണ്ടായേക്കും.
സംസ്ഥാന നേതൃത്വത്തിൽ സമൂലമായ മാറ്റം വരുത്താൻ ബിജെപിക്ക് കരുത്തുണ്ടെന്ന് പാർട്ടി സെക്രട്ടറി ബി.എൽ.സന്തോഷ് പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും മാറ്റമുണ്ടാകില്ല. എന്നാൽ മറ്റു പാർട്ടികൾക്ക് വിഭാവനം ചെയ്യാൻ സാധിക്കാത്ത വിധത്തിലുള്ള മാറ്റം വരുത്താൻ ബിജെപിക്ക് സാധിക്കും. ഗുജറാത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെ മുഴുവൻ ക്യാബിനെറ്റ് അംഗങ്ങളേയും മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് ബി.എൽ.സന്തോഷ് ഇക്കാര്യം പറഞ്ഞത്.
എന്നാൽ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാൻ ബസവരാജ് ബൊമ്മെ തയാറായില്ല. ഗുജറാത്തിൽ മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെയുള്ളവരെ മാറ്റിയാണ് മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. അതേ രീതിയിൽ കർണാടകയിലും മാറ്റമുണ്ടാകുമെന്നാണ് റിപ്പോർട്ട്.