അർജുൻ അശോകൻ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന റോഡ് മൂവി ഖജുരാഹോ ഡ്രീംസിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. മോഹൻലാലിന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് ട്രെയ്‌ലർ പുറത്തിറങ്ങിയത്. നവാഗതനായ മനോജ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധ്രുവന്‍, അതിഥി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ. നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു റോഡ് മൂവി എന്നതിനപ്പുറം പ്രണയവും ചിരികളും ദുരൂഹതയും എല്ലാം നിറച്ചാണ് ട്രെയ്‌ലർ പുറത്തിറങ്ങിയിരിക്കുന്നത്.
കോമഡി പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ഈ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ ശക്തമായൊരു സാമൂഹിക പ്രശ്നം കൂടി ചര്‍ച്ച ചെയ്യുന്നുണ്ട്. മലയാള സിനിമയില്‍ ഇതുവരെ കാണാത്ത ലൊക്കേഷനുകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മധ്യപ്രദേശിലെ പ്രസിദ്ധ ക്ഷേത്രമായ ഖജുരാഹോ ക്ഷേത്രവും ചിത്രത്തിലെ സുപ്രധാന ലൊക്കേഷനുകളില്‍ ഒന്നാണ്. സൗഹൃദത്തിന്റെ കൂടി കഥയാണ് ചിത്രം. അഞ്ച് സുഹൃത്തുക്കളുടെ ആത്മബന്ധവും ഇവര്‍ നടത്തുന്ന റോഡ് ട്രിപ്പുമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം.