ചണ്ഡീഗഡ്: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ തണുപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം പാളി. ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം പ്രക്ഷോഭ രംഗത്തുള്ള കര്‍ഷക സംഘടനകള്‍ തള്ളിയതോടെയാണ് സമരം തുടരുമെന്ന് ഉറപ്പായത്.
പഞ്ചാബിലും ഹരിയാനയിലും കര്‍ഷക സമരം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാണെന്ന് അറിയിച്ചത്. വ്യാഴാഴ്ച ഡല്‍ഹിയില്‍ കര്‍ഷക പ്രതിനിധികളുമായി ചര്‍ച്ച നടത്താമെന്നായിരുന്നു കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തില്‍ നിന്ന് ഫോണിലൂടെ വിവരം ലഭിച്ചത്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നത് തുടരുന്ന സാഹചര്യത്തില്‍ ചര്‍ച്ചക്ക് ഒരുക്കമല്ലെന്നാണ് കര്‍ഷക സംയുക്ത സമരസമിതി നിലപാടെടുത്തത്.സമിതി പഞ്ചാബ് സംസ്ഥാന സെക്രട്ടറി സര്‍വന്‍ സിങ് പന്തേറാണ് നിലപാട് വ്യക്തമാക്കിയത്.
അതേസമയം, നാളെ വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍ ബി.ജെ.പി അനുകൂല കര്‍ഷക സംഘടനകള്‍ പങ്കെടുത്തേക്കും. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ കര്‍ഷക സംഘടനകള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമോയെന്ന് വ്യക്തമാക്കിയിട്ടില്ല.
കാര്‍ഷിക മേഖലയില്‍ സമഗ്ര പരിഷ്കരണം ലക്ഷ്യമിട്ട് മൂന്ന് നിയമങ്ങളാണ് കഴിഞ്ഞ മാസം കേന്ദ്രസര്‍ക്കാര്‍ പാസാക്കിയത്. അന്നു മുതല്‍ രാജ്യത്തെ നൂറോളം വരുന്ന കര്‍ഷക സംഘടനകള്‍ സമരത്തിലാണ്. ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലാണ് കര്‍ഷക പ്രക്ഷോഭം ശക്തിപ്രാപിച്ചത്.