തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി സെക്രട്ടേറിയറ്റിലെ തപാൽ സ്റ്റാമ്പുകളേയും ബാധിച്ചു.സ്റ്റാമ്പിംഗിന് ആവശ്യത്തിന് പണം അനുവദിക്കാത്തതിനാൽ സാധാരണക്കാരുടെ നിവേദനങ്ങൾക്കുൾപ്പെടെ മറുപടി നൽകാൻ കഴിയാതെ കെട്ടിക്കിടക്കുന്നത് ഒരു ലക്ഷത്തോളം തപാലുകൾ.നവകേരള സദസിൽ ലഭിച്ച 6.25 ലക്ഷത്തോളം പരാതികളിൽ സ്വീകരിച്ച മറുപടി അപേക്ഷകരെ അറിയിക്കുന്നതും മുടങ്ങുന്ന സ്ഥിതി.
അടിയന്തര സാഹചര്യം പരിഗണിച്ച് ധനവകുപ്പ് രണ്ടുലക്ഷം രൂപ അനുവദിച്ചെങ്കിലും പത്തുദിവസത്തേക്കെ തികയൂ.തപാലുകൾ കെട്ടിക്കിടക്കുന്നതിനാൽ അവ പൂർത്തിയാക്കാനും ദിവസങ്ങളെടുക്കും.ഫയലുകൾ സംബന്ധിച്ച വിവരങ്ങൾ, ചികിത്സാപദ്ധതികൾ, ജനങ്ങൾക്കുള്ള വിവിധ ധനസഹായങ്ങൾ, വിവരാവകാശ മറുപടികൾ തുടങ്ങിയവ ജനങ്ങൾക്കും വകുപ്പ് ഡയറക്ടറേറ്റുകൾക്കുമടക്കം നൽകുന്നത് പൊതുഭരണവകുപ്പിലെ തപാൽ വിഭാഗമാണ്.ധനം, നിയമം, വിദ്യാഭ്യാസം, ആരോഗ്യം ഒഴികെയുള്ള വിഭാഗങ്ങളുടെ തപാലാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്.
സീലിന്റെ മാതൃകയിൽ കവറുകളിൽ മെഷീനുപയോഗിച്ച് ‘സ്റ്റാമ്പ് സീൽ’ പതിപ്പിക്കുന്നതാണ് രീതി. ഇതിനായി ഫ്രാങ്കിംഗ് മെഷീനുണ്ട്.ഭാരം നോക്കി അതിന് നിശ്ചയിച്ച തുകയ്ക്കുള്ള സീൽ പതിപ്പിക്കും.സ്റ്റാമ്പിനുള്ള തുക ട്രഷറി വഴി പോസ്റ്റ് ഓഫീസിന് കൈമാറി അവിടെ നിന്ന് തുക മൊബൈൽ ചാർജിംഗ് രീതിയിൽ മെഷീനിലേക്ക് ചാർജ് ചെയ്ത് നൽകും.അതില്ലാതെ പതിപ്പിക്കാനാവില്ല.പൊതുഭരണ വകുപ്പിൽ നാല് മെഷീനുകളും മറ്റു വിഭാഗങ്ങളിൽ ഓരോന്ന് വീതവുമുണ്ട്.ഓഫീസ് കാര്യങ്ങൾക്കുള്ള ഫണ്ടിൽ ഉൾപ്പെടുത്തിയാണ് സ്റ്റാമ്പ് ചെലവും വഹിക്കുന്നത്. ഇതിനായി പ്രത്യേക ഫണ്ടില്ല
10,000- 20,000ദിവസേന നടക്കുന്ന സ്റ്റാമ്പിംഗ്12,500- 15,000 രൂപപ്രതിദിനം വേണ്ടിവരുന്ന ചെലവ്