ആലപ്പുഴ: റോഡപകടങ്ങള്‍ കുറച്ച് സുരക്ഷിതയാത്ര ഒരുക്കാന്‍ ജില്ലയില്‍ 41 ഇടത്ത് സ്ഥാപിച്ച നിര്‍മിതബുദ്ധി ക്യാമറകളില്‍ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ് –എഐ) ഇന്നുമുതല്‍ ഗതാഗത നിയമലംഘകര്‍ കുടുങ്ങും.
സംസ്ഥാനത്ത് 726 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.
രാത്രിയിലും തെളിമയുള്ള ദൃശ്യങ്ങളാകും ലഭിക്കുക. റോഡിലെ അഭ്യാസവും അമിതവേഗവും ഇടുതുവശത്തുകൂടിയുള്ള ഓവര്‍ടേക്കിങും ഹെല്‍മറ്റ് ധരിക്കാതെയും സീറ്റ് ബെല്‍റ്റ് ഇടാതെയുമുള്ള ഡ്രൈവിങ്ങും അടക്കമുള്ള നിയമലംഘനം ക്യാമറയില്‍ പതിയും. റോഡ്‌ലൈന്‍ മാറിപ്പോകുന്നതും ക്രോസിങ് ലൈനില്‍ വണ്ടിനിര്‍ത്തുന്നതുമെല്ലാം ക്യാമറയില്‍ പതിയും. അപകടം ഉണ്ടാക്കിയിട്ട് നിര്‍ത്താതെ പോകുന്നവരും കുടുങ്ങും.
പിന്നെ മണിക്കൂറുകള്‍ക്കകം വാഹന ഉടമയുടെ മൊബൈലില്‍ സന്ദേശം എത്തുംവിധമാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. പിഴത്തുക ഓണ്‍ലൈനായും അക്ഷയകേന്ദ്രങ്ങള്‍ മുഖേനയും അടയ്‌ക്കാം. 30 ദിവസത്തിനകം പിഴ അടച്ചില്ലെങ്കില്‍ ഇരട്ടിത്തുക കോടതിയിലെത്തി അടയ്‌ക്കേണ്ടിവരും.