ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് പെസഹാ വ്യാഴം ആചരിക്കുന്നു. ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അനുസ്മരിച്ച് ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക പ്രാര്‍ഥനകളും ചടങ്ങുകളും നടത്തും. ക്രൂശിതനാകുന്നതിന് തലേ ദിവസം യേശു ക്രിസ്തു തന്റെ ശിക്ഷ്യമാര്‍ക്കായി അത്താഴവിരുന്നൊരുക്കി. ഇതെന്റെ ശരീരമാകുന്നുവെന്ന് പറഞ്ഞ് അപ്പവും എന്റെ രക്തമാണെന്ന് പറഞ്ഞ് വീഞ്ഞും പകുത്തു നല്‍കി വിശുദ്ധകുര്‍ബാന സ്ഥാപിച്ചദിവസം കൂടിയാണ് ഇത്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് എല്ലാ ഞായറാഴ്ച്ചകളിലും ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാന അനുഷ്ടിക്കുന്നത്.
ഇന്നേ ദിവസം യേശുക്രിസ്തു തന്റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകുകയും ചെയ്തിരുന്നു.
ഇതിന്റെ ഓര്‍മ്മയ്ക്കായി ഇടവകകളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷയും ഇന്നേദിവസം നടക്കും. ഇതില്‍ വൈദികര്‍ വിശ്വാസികളുടെ കാലുകഴുകും. പുളിപ്പില്ലാത്ത അപ്പമാണ് പെസഹാ പെരുന്നാളിന്റെ മറ്റൊരു സവിശേഷത. അന്ത്യത്താഴ വേളയില്‍ യേശുക്രിസ്തു ചെയ്തതു പോലെ ക്രിസ്ത്യന്‍ ഭവനങ്ങളില്‍ പെസഹാ അപ്പം മുറിയ്ക്കുകയും പെസഹാ പാല്‍ കുടിയ്ക്കുകയും ചെയ്യുന്നു. ഉഴുന്നും അരിയും തേങ്ങയും പഞ്ചസാര/ ശര്‍ക്കര എന്നിവയൊക്കെയാണ് പെസഹാ അപ്പത്തിന്റെ പ്രധാനകൂട്ട്.
പ്രാദേശികമായി മറ്റു ചേരുവകകളും ചേര്‍ക്കാറുണ്ട്. തേങ്ങാപ്പാലില്‍ ശര്‍ക്കരയോ തേങ്ങയോ ഒപ്പം മറ്റു ചേരുവകളും ചേര്‍ത്താണ് പെസഹാ പാല്‍ തയ്യാറാക്കുന്നത്. ഹോശാന ഞായറാഴ്ച പള്ളിയില്‍ നിന്നു ലഭിച്ച കുരുത്തോല കൊണ്ടുണ്ടാക്കിയ കുരിശും അപ്പത്തിനു മുകളില്‍ വെക്കാറുണ്ട്. പ്രത്യേക പ്രാര്‍ഥകനകള്‍ക്കു ശേഷം വീട്ടിലെ ഏറ്റവും മുതിര്‍ന്ന അംഗമാകും അപ്പം മുറിച്ച് മറ്റ് അംഗങ്ങള്‍ക്ക് നല്‍കുന്നത്. ചില പ്രദേശങ്ങില്‍ ഇതിനോടൊപ്പം കൊഴുക്കട്ടയും ഉണ്ടാക്കാറുണ്ട്. പെസഹാ അപ്പം, വട്ടയപ്പം, പുളിപ്പില്ലാത്ത അപ്പം എന്നിങ്ങനെ വ്യത്യസ്ത പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. ഈ ദിനത്തല്‍ അപ്പം ഉണ്ടാക്കി അയല്‍വാസികള്‍ക്കും മറ്റും നല്‍കുന്ന പതിവും നിലവിലുണ്ട്.