ന്യൂഡൽഹി: പ്രവാചക നിന്ദ വിഷയത്തിൽ ഇന്ത്യയ്ക്കെതിരായ ഒ.ഐ.സി (ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷൻ) പ്രസ്താവന തള്ളി കേന്ദ്ര സർക്കാർ. വിദേശകാര്യ മന്ത്രാലയമാണ് ഒ.ഐ.സി സെക്രട്ടേറിയറ്റിന് എതിരെ രംഗത്ത് വന്നത്. ഒ.ഐ.സിയുടേത് ഇടുങ്ങിയ ചിന്താഗതിയെന്നാണ് ഇന്ത്യയുടെ വിമർശനം. ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ അവിടെയുള്ള സ്ഥാനപതിമാരുമായി സംസാരിക്കുകയും ഇക്കാര്യത്തിൽ എന്താണ് സംഭവിച്ചത് എന്ന് അവർ വ്യക്തമാക്കുകയും ചെയ്തതാണ്. ഇത് ഇന്ത്യ പറഞ്ഞ കാര്യമല്ലെന്നും ഒരു രാഷ്ട്രീയ പാർട്ടി നേതാവ് പറഞ്ഞ കാര്യമാണെന്നും അതിന് ആ പാർട്ടി നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി.
എന്നാൽ ഇന്ത്യയിൽ മതസ്വാതന്ത്ര്യം ഹനിക്കപ്പെട്ടുവെന്നും സംരക്ഷിക്കണമെന്നും ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ ഒരു പ്രസ്താവനയിറക്കിയിരുന്നു. ഇതിനെതിരെ ശക്തമായ ഭാഷയിലാണ് ഇന്ത്യ വിമർശിച്ചത്. ഒ.ഐ.സിക്ക് ഇടുങ്ങിയ ചിന്താഗതിയാണ്, വിമർശനം അനുചിതമാണ്. എല്ലാ മതങ്ങളേയും വിശ്വാസങ്ങളേയും ബഹുമാനിക്കണമെന്നും വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.
ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം വഷളാകുമെന്ന തരത്തിൽ കാര്യങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഇസ്ലാമിക രാജ്യങ്ങളുടെ സെക്രട്ടേറിയറ്റിന് എതിരെ ഇന്ത്യ രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യയുടെ ഭാഗത്ത് നിന്നല്ല മറിച്ച് ഒരു രാഷ്ട്രീയ പാർട്ടി നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രസ്താവനയാണെന്നും അതിൽ ആ പാർട്ടി നടപടിയെടുത്തു എന്നുമുള്ള ഇന്ത്യയുടെ വിശദീകരണം ഗൾഫ് രാജ്യങ്ങൾക്ക് സ്വീകാര്യമായിരുന്നു. എന്നാൽ ഇതിന് ശേഷം അത് ഒരു കൂട്ടായ്മയുടെ ചർച്ചയായി മാറിയപ്പോഴാണ് ഇന്ത്യ വിമർശനവുമായി രംഗത്ത് വന്നത്.