സംസ്ഥാനത്ത് വേനല്‍ മഴ 4 ദിവസം കൂടി ശക്തമായി തുടരും.

0
61

തിരുവനന്തപുരം: സംസ്ഥാനത്ത് 4 ദിവസം കൂടി വേനല്‍ മഴ ശക്തമായി തുടര്‍ന്നേക്കും. ഏപ്രില്‍ 08 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി മീ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

നാളെ വടക്കന്‍ കേരളത്തിലാകും മഴ ശക്തമാകാന്‍ സാധ്യത. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. പക്ഷേ, ഒരു ജില്ലയിലും പ്രത്യേക അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം തെക്കന്‍ കേരളത്തില്‍ ഇന്ന് കനത്ത മഴയിലും കാറ്റിലും വലിയ നാശനഷ്ടമാണ് ഉണ്ടായത്. പത്തനംതിട്ടയിലും കൊല്ലത്തും മരം ദേഹത്ത് വീണ് രണ്ട് പേര്‍ മരിച്ചു. കൊല്ലം ഇഞ്ചക്കാട് സ്വദേശിനി ലളിതകുമാരി (62), പത്തനംതിട്ട നെല്ലിമുകള്‍ സ്വദേശി മനുമോഹന്‍ (32) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വെെകീട്ടോടെയായിരുന്നു സംഭവം.

മഴ കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോള്‍ റബര്‍ മരം വീണായിരുന്നു ലളിതകുമാരിയുടെ മരണം. നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അടൂരില്‍ വച്ചായിരുന്നു സ്‌കൂട്ടര്‍ യാത്രികനായിരുന്ന മനുമോഹന്റെ ദേഹത്തേക്ക് മരം വീണത്. മരം വീണതോടെ ഇദ്ദേഹം സ്കൂട്ടറില്‍നിന്നും റോഡിലേക്ക് തെറിച്ചുവീണെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സംഭവസ്ഥലത്ത് വച്ച്‌ തന്നെ അദ്ദേഹം മരിച്ചതായാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here