കൊച്ചി: കിണര്‍ വെള്ളം ടാങ്കര്‍ ലോറിയില്‍ വിതരണം ചെയ്യാന്‍ ലൈസന്‍സ് വേണമെന്ന് ഹൈകോടതി. കുടിവെള്ളത്തിന്‍റെ ഗുണനിലവാരം നിര്‍ബന്ധമാണെന്നും പരിശോധന അനിവാര്യമാണെന്നും ജസ്റ്റിസ് അമിത് റാവല്‍ വ്യക്തമാക്കി.
കുടിവെള്ള വിതരണത്തിന് ലൈസന്‍സ് നിഷ്കര്‍ഷിക്കുന്ന നിയമത്തില്‍ കിണര്‍ വെള്ളത്തെക്കുറിച്ച് പരാമര്‍ശമില്ലാത്ത സാഹചര്യത്തിലാണ് വ്യക്തത വരുത്തിയത്. ഫുഡ് സേഫ്റ്റി അതോറിറ്റി നല്‍കിയ നോട്ടീസ് ചോദ്യം ചെയ്ത് കുടിവെള്ള വിതരണക്കാരായ ചിലര്‍ നല്‍കിയ ഹരജികള്‍ തള്ളിയാണ് ഉത്തരവ്.
നിശ്ചിത ഗുണനിലവാരമില്ലെന്ന് കാട്ടിയാണ് ഫുഡ് സേഫ്റ്റി അതോറിറ്റി നോട്ടീസ് നല്‍കുന്നത്. കുടിവെള്ളവിതരണം നിയന്ത്രിക്കുന്ന 2006ലെ ഭക്ഷ്യസുരക്ഷാ നിയമത്തിലും 2011ലെ ഭക്ഷ്യസുരക്ഷാ ചട്ടങ്ങളിലും കിണര്‍ വെള്ളം പരാമര്‍ശിക്കാത്തതിനാല്‍ അത് പരിശോധിക്കേണ്ടതില്ലെന്നും ലൈസന്‍സ് ആവശ്യമില്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. എന്നാല്‍, നിയമത്തില്‍ പരാമര്‍ശമില്ലാത്തതിന്‍റെ പേരില്‍ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള നടപടികളില്‍ ഇളവ് അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ നല്‍കിയ നോട്ടീസ് ശരിവെച്ചു. ലൈസന്‍സും വെള്ളത്തിന് ഗുണനിലവാരവും ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് കരുതുന്നു. ഗുണനിലവാരം ഉറപ്പുവരുത്തേണ്ടത് സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കാനും നിര്‍ദേശിച്ചു.