കാഞ്ഞങ്ങാട്: അരിയും ഗോതമ്ബും മണ്ണെണ്ണയും അളന്നു നല്‍കിയും കുറുപ്പടിയെഴുതി കാര്‍ഡ് കണക്കാക്കിയുമുള്ള ‘റേഷന്‍’ ജീവിതത്തിനു വിട.
കഷ്ടപ്പാടിനെ പുഞ്ചിരികൊണ്ട് മറച്ചുപിടിച്ചും പഠിച്ചും സുരേഷ് അഭിഭാഷകനെന്ന മോഹം സഫലമാക്കി. കടയിലെ അരിയളവില്‍ നിന്നു അഭിഭാഷക വൃത്തിയിലേക്കു ചുവട് വച്ച നിമിഷത്തില്‍ സുരേഷിന് പറയാനുള്ളത് ഒറ്റ വാചകം-‘ തീരുമാനമെടുക്കുക മാത്രമല്ല, ലക്ഷ്യം നേടാന്‍ മനസിനെ ദൃഡ നിശ്ചയത്തിലെത്തിക്കുകയും വേണം’.
ഡി.സി.സി. ജനറല്‍ സെക്രട്ടറിയാണ് കാഞ്ഞങ്ങാട് മഡിയന്‍ ‘ചന്ദച്ചംവീട്ടി’ലെ പി.വി.സുരേഷ്. ‘ബിരുദം കഴിഞ്ഞപ്പോള്‍ തന്നെ നിയമപഠിക്കാനായിരുന്നു ആഗ്രഹിച്ചത്. വീട്ടിലെ കഷ്ടപ്പാടും ജോലി ചെയ്യേണ്ടിവന്ന സാഹചര്യവുമെല്ലാം ഈ ലക്ഷ്യത്തെ ഇത്തിരി വൈകിച്ചു. വയസ് 45അല്ലേ ആയൂള്ളൂ. ഇനിയങ്ങോട്ട് എത്രയോ ദൂരമുണ്ടല്ലോ’- വര്‍ധിത ആത്മവിശ്വാസത്തോടെ സുരേഷ് പറയുന്നു. കോളേജ് കാലം മുതല്‍ കെ.എസ്.യു. പ്രവര്‍ത്തകനായി. കാസര്‍കോട് ഗവ. കോളേജില്‍ ബി.എ. ചരിത്രത്തിനു പഠിക്കുന്ന കാലം കെ.എസ്.യു. നേതാവായും യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായും പ്രവര്‍ത്തിച്ചു.
ബിരുദം കഴിഞ്ഞിറങ്ങിയപ്പോള്‍ കോട്ടച്ചേരി മാര്‍ക്കറ്റിങ് സൊസൈറ്റിയില്‍ കമ്മീഷന്‍ ഏജന്റിന്റെ വേഷം. അതു റേഷന്‍ കടയിലെ തൊഴില്‍ രീതി പഠിക്കുന്നതിലേക്കും ഒടുവില്‍ ഒരു റേഷന്‍ കടയുടെ ലൈസന്‍സ് സമ്ബാദിക്കുന്നതിലേക്കുമെത്തി. 24-ാം വയസുമുതല്‍ റേഷന്‍കടക്കാരനായി. പുല്ലൂരിലെ റേഷന്‍ കട ജീവിതത്തിനിടയില്‍ യൂത്ത് കോണ്‍ഗ്രസില്‍ സജീവമായി. സംഘടനയുടെ ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനമുള്‍പ്പെടെ അലങ്കരിച്ചു. കോണ്‍ഗ്രസില്‍ സജീവമായതോടെ ഡി.സി.സി. ജനറല്‍ സെക്രട്ടറിയാക്കി പാര്‍ട്ടി പല ഉത്തരവാദിത്വവും നല്‍കി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് മണ്ഡലം യു.ഡി.എഫ്.സ്ഥാനാര്‍ഥിയായിരുന്നു. പൊതു സേവനവും രാഷ്ട്രീയ പ്രവര്‍ത്തനവും റേഷന്‍കടയിലെ ജോലിയുമെല്ലാം ജീവിതത്തെ കൂടുതല്‍ തിരക്കിലേക്കു നയിച്ചപ്പോഴും തന്റെ സ്വപ്നത്തെ വിട്ടുകളയാന്‍ സുരേഷ് തയ്യാറായില്ല. 2016-ല്‍ സുള്ള്യ കെ.വി.ജി. ലോക്കോളേജില്‍ ചേര്‍ന്നു. പുലര്‍ച്ചെ അഞ്ചു മണിക്ക് കാഞ്ഞങ്ങാട്ടെ വീട്ടില്‍ നിന്നിറങ്ങിയും സുള്ള്യ കോളേജിലെത്തി ക്ലാസിലിരുന്നും പഠനം പൂര്‍ത്തിയാക്കി.
കോവിഡ് കാലത്ത് പഠിപ്പിനും ബ്രേക്കിടേണ്ടി വന്നു. കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ എന്റോള്‍ ചെയ്തു. കാഞ്ഞങ്ങാട്ടെ അഭിഭാഷകന്‍ പി.ബാബുരാജിന് കീഴില്‍ പ്രാക്ടീസും തുടങ്ങി. രാഷ്ട്രീയ സമരം സമ്മാനിച്ച എത്രയോ കേസുകള്‍ക്കായി കയറിയിറങ്ങിയ ഹോസ്ദുര്‍ഗ് കോടതിപ്പടിയിലുടെ സുരേഷ് വീണ്ടുമെത്തി. വക്കീല്‍ കുപ്പായത്തില്‍. ഭാര്യ: സൗമ്യാസുരേഷ്. മക്കള്‍:ഭാഗ്യലക്ഷ്മി, ഭാഗ്യശ്രീ.