ആലപ്പുഴ: പാണാവള്ളി പഞ്ചായത്ത് പരിധിയിലെ സി.ആര്‍.ഇസഡ് നിയമലംഘനത്തെ തുടര്‍ന്ന് പൊളിച്ചു നീക്കുന്ന കാപികോ റിസോര്‍ട്ട് പൊളിക്കല്‍ നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുന്നു.
ജില്ല കളക്ടര്‍ ഹരിത വി.കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം സബ്കളക്ടര്‍ സൂരജ് ഷാജി സ്ഥലത്ത് ക്യാമ്ബ് ചെയ്ത് റിസോര്‍ട്ടിന്റെ പൊളിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയി നേരിട്ട് സ്ഥലം സന്ദര്‍ശിച്ചിരുന്നു.
റിസോര്‍ട്ടിലെ 54 വില്ലകളും പൂര്‍ണമായി പൊളിച്ചുനീക്കിയിട്ടുണ്ട്. ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന പ്രധാന കെട്ടിടം പൊളിച്ച് നീക്കുന്ന നടപടികളാണ് ഇപ്പോള്‍ ധൃതഗതിയില്‍ മുന്നേറുന്നത്. പ്രധാന കെട്ടിടത്തിന്റെ പൊളിക്കലും നല്ലൊരു ഭാഗം പൂര്‍ത്തിയായിവരുകയാണ്. പ്രധാന നിര്‍മിതിയും മുകളിലേക്കുള്ള നിര്‍മിതികളും പോളിച്ചു നീക്കിയിട്ടുണ്ട്. പൊളിച്ചുനീക്കിയ നിര്‍മിതികളുടെ അവശിഷ്ടങ്ങള്‍ മലിനീകരണത്തിന് ഇടവരാത്തവിധം നീക്കം ചെയ്യുന്ന നടപടികളും നടന്നുവരുന്നുണ്ട്.
അതേസമയം, ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കലില്‍ സുപ്രീം കോടതിയില്‍ കേരള സര്‍ക്കാരിന് ആശ്വാസം. പൊളിക്കല്‍ പൂര്‍ത്തിയാക്കില്ലെന്ന് കാട്ടിയുള്ള കോടതിയലക്ഷ്യ ഹര്‍ജി തുടരേണ്ടതില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. ചീഫ് സെക്രട്ടറിക്കും സംസ്ഥാനസര്‍ക്കാരിനെതിയുള്ള കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി അവസാനിപ്പിച്ചു. ജസ്റ്റിസ് അനിരുദ്ധബോസ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് തീരുമാനം. പൊളിക്കല്‍ അവസാനഘട്ടത്തിലാണെന്ന സംസ്ഥാന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് കോടതി തീരുമാനം.