ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് രാജ്യവ്യാപക പ്രതിഷേധം. തലസ്ഥാനത്തും ജില്ലാ കേന്ദ്രങ്ങളിലും ഇന്ന് സത്യാഗ്രഹം നടത്താൻ എഐസിസി നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്. സംസ്ഥാന തലത്തിലും പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. തലസ്ഥാന നഗരിയിലും ജില്ലാ കേന്ദ്രങ്ങളിലും സത്യാഗ്രഹം സംഘടിപ്പിക്കും.
ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനത്തെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലോ, പ്രത്യേകം തയ്യാറാക്കുന്ന ഗാന്ധിഛായാചിത്രത്തിന് മുന്നിലോ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് സത്യാഗ്രഹം. തിരുവനന്തപുരത്ത് ഗാന്ധി പാര്‍ക്കിലാണ് സത്യാഗ്രഹം നടക്കുക. ഓരോ ജില്ലകളിലും മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉപവാസ സമരത്തിൽ പങ്കെടുക്കും.
ഇന്നലെ രാത്രി മലപ്പുറത്ത് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടന്നിരുന്നു. രാജ്യം നിലനിർത്തുന്നതിനു വേണ്ടിയുള്ള പോരാട്ടമാണ് രാഹുൽ ഗാന്ധി നടത്തുന്നതെന്നും രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന ബിജെപിക്കെതിരായ സന്ദേശവുമാണ് ഭാരത് ജോഡോ യാത്രയുടേതെന്നും നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് എ.പി അനിൽകുമാർ എം.എൽ.എ പറഞ്ഞു.
കോൺഗ്രസ്സ് അധികാരത്തിലെത്തുന്നതല്ല മറിച്ച് കോൺഗ്രസ്സ് ഈ രാജ്യത്തിന് നൽകിയ മതേതരത്വവും ജനാധിപത്യവും കാത്തു സൂക്ഷിക്കാനാണ് അദ്ദേഹം പോരാട്ടം നടത്തുന്നത്. എന്തു വില കൊടുത്തും രാഹുൽ ഗാന്ധിക്കൊപ്പം ഇന്ത്യൻ ജനത നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് അഡ്വ. വി. എസ് ജോയ് നൈറ്റ് മാർച്ചിൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്,ഇ. മുഹമ്മദ് കുഞ്ഞി,വി.എ കരീം,വി.ബാബുരാജ്,റഷീദ് പറമ്പൻ, അജീഷ് എടാലത്ത്, പി. സി വേലായുധൻ കുട്ടി, അസീസ് ചീരാൻതൊടി, യാസർ പൊട്ടച്ചോല, ശശീന്ദ്രൻ മങ്കട,പി.പി ഹംസ തുടങ്ങിയവർ സംസാരിച്ചു.