ഐശ്വര്യ രജനീകാന്തിന്റെ ജോലിക്കാരിയുടെ വെളിപ്പെടുത്തൽ

0
73

കഴിഞ്ഞ ദിവസമാണ് സൗന്ദര്യ രജനീകാന്തിന്റെ ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ വേലക്കാരിയായ ഈശ്വരിയും ഭർത്താവും പൊലീസ് പിടിയിലാകുന്നത്. ലോക്കറിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളും വജ്രാഭരണങ്ങളും കാണാതായെന്നായിരുന്നു ഐശ്വര്യ രജനീകാന്തിന്റെ പരാതി.

വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായും സംവിധായികയുടെ പരാതിയിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഈശ്വരിയും ഭർത്താവും പൊലീസ് പിടിയിലാകുന്നത്. ഇവരുടെ ബാങ്ക് ഇടപാടുകൾ പരിശോധിച്ചതിൽ നിന്നും പല സമയങ്ങളിലായി വലിയ തുകകളുടെ ഇടപാടുകൾ നടന്നതായി പൊലീസ് കണ്ടെത്തി.

2019 മുതൽ ഐശ്വര്യ രജനീകാന്തിന്റെ ആഭരണങ്ങൾ കുറേശ്ശയായി മോഷ്ടിച്ചുവരികയായിരുന്നുവെന്നാണ് ചോദ്യം ചെയ്യലിൽ ഈശ്വരി സമ്മതിച്ചത്. അറുപതോളം പവനാണ് ഇക്കാലയളവനുള്ളിൽ നഷ്ടമായത്. 2019 ലാണ് താൻ ആഭരണങ്ങൾ അവസാനമായി കണ്ടതെന്നും അതിനു ശേഷം ലോക്കറിൽ സൂക്ഷിച്ചിരിക്കുകയാണെന്നും ഐശ്വര്യയുടെ പരാതിയിലും വ്യക്തമാക്കിയിരുന്നു.

മോഷ്ടിച്ച സ്വർണാഭരണങ്ങൾ വിറ്റ പണം കൊണ്ട് വീട് വാങ്ങിയതായും ഈശ്വരി വെളിപ്പെടുത്തിയതായാണ് ഇന്ത്യഗ്ലിറ്റ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഒരു കോടിയുടെ വീടാണ് ഷൊളിങ്കനല്ലൂരിൽ വാങ്ങിയതെന്നാണ് ഈശ്വരിയുടെ മൊഴി. ഈ വീട് പണയപ്പെടുത്തി ബാങ്കിൽ നിന്ന് ലോണെടുത്തു. സംശയം തോന്നാതിരിക്കാൻ രണ്ട് വർഷം കൊണ്ട് ലോൺ മുഴുവൻ തിരിച്ചടച്ചു.

ഈശ്വരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൈലാപൂരിലെ ജ്വല്ലറി ഷോപ്പിലും പൊലീസ് റെയ്ഡ് നടത്തി. ഇവിടെ നിന്നും ഐശ്വര്യയുടെ സ്വർണ-വജ്രാഭരണങ്ങളുടെ നൂറ് പീസുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഐശ്വര്യയുടെ വീട്ടിലെ ഡ്രൈവറായ വെങ്കിടേഷിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മോഷണത്തിന് വെങ്കിടേഷും സഹായിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here