തൃശൂര്‍: തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ ശേഖരണ കേന്ദ്രങ്ങളില്‍ (എം.സി.എഫ് – മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്ററുകള്‍) ഉപയോഗിക്കുന്ന വാഹനങ്ങള്‍ ജി.പി.എസ് ഘടിപ്പിച്ചതായിരിക്കണമെന്ന് അജൈവ പാഴ് വസ്തുക്കളുടെ സംസ്കരണം സംബന്ധിച്ച മാര്‍ഗരേഖ.
ശാസ്ത്രീയമല്ലാത്ത മാലിന്യ നീക്കം ഗുരുതര ഭവിഷത്തുക്കള്‍ ഉണ്ടാക്കുന്നെന്ന വിലയിരുത്തലിലാണ് പുതിയ നിര്‍ദേശം.
പാഴ് വസ്തുക്കള്‍ നീക്കം ചെയ്യുന്ന വാഹനത്തിന്റെ സഞ്ചാരം ജി.പി.എസ് വഴി കൃത്യമായി പരിശോധിക്കണം. ഓരോ ലോഡ് കൊണ്ടുപോകാനും ഔദ്യോഗിക ‘ഏറ്റുവാങ്ങല്‍ രേഖ’ അത്യാവശ്യമാണ്. വാഹനത്തിന്റെ ജി.പി.എസ് വിവരങ്ങള്‍ വാങ്ങിയ ശേഷം മാത്രമേ അനുമതി പത്രം നല്‍കാന്‍ പാടുള്ളൂ. വാഹനത്തിന്റെ സഞ്ചാരം നിരീക്ഷിക്കണം. ഒടുവില്‍ വാഹനം കൃത്യമായി സംസ്കരണ കേന്ദ്രത്തില്‍ എത്തിയതിന്റെ രേഖ തദ്ദേശ സ്ഥാപനത്തില്‍ സമര്‍പ്പിക്കണം. സംസ്കരണ പ്രവര്‍ത്തന പുരോഗതി നിരന്തരം വിലയിരുത്തേണ്ടത് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ല ഉദ്യോഗസ്ഥരടങ്ങുന്ന ജില്ല ഏകോപന സമിതിക്കായിരിക്കും.
ക്ലീന്‍ കേരള കമ്ബനിക്ക് നേരിട്ട് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് മാലിന്യ ശേഖരണ – സംസ്കരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാം. പുനഃചംക്രമണ യോഗ്യമല്ലാത്ത മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ 10 രൂപയും നികുതിയും നല്‍കി ശേഖരിക്കാം. ‘ഇ വേസ്റ്റ്’ അജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കാനുള്ള ചെലവ് 50 രൂപയും നികുതിയും. പുനഃചംക്രമണ യോഗ്യമല്ലാത്ത മാലിന്യം സംസ്കരിക്കാനുള്ള ശാസ്ത്രീയ സംവിധാനം ഉപയോഗപ്പെടുത്തേണ്ട ചുമതല ക്ലീന്‍ കേരള കമ്ബനിക്കാണ്.
ഇതിനാവശ്യമായ തുക വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്താം.ശുചിത്വമിഷന്‍, ഹരിത കേരളം മിഷന്‍, കുടുംബശ്രീ, കെല്‍ട്രോണ്‍, ക്ലീന്‍ കേരള കമ്ബനി ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ശില്‍പശാലയിലെ തീരുമാനമനുസരിച്ച് പുതുക്കിയ അജൈവ മാലിന്യ ശേഖരണ കലണ്ടറും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറി.കലണ്ടറനുസരിച്ച് ജനുവരി മാസം ശേഖരിക്കുക ഇ വേസ്റ്റ് ആണ്. പേപ്പര്‍, പ്ലാസ്റ്റിക്, പ്ലാസ്റ്റിക് കവറുകള്‍ എല്ലാ മാസവും ശേഖരിക്കും. മാലിന്യം ശേഖരിക്കുന്ന വിവരം തദ്ദേശ സ്ഥാപനങ്ങളില്‍ പരസ്യപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.