പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്റ്സ്ലാം പോരാട്ടത്തില്‍ സൂപ്പര്‍ താരങ്ങളെല്ലാം ക്വാര്‍ട്ടറില്‍. പുരുഷ സിംഗിള്‍സില്‍ റാഫേല്‍ നദാല്‍, നൊവാക് ജോക്കോവിച്ച്, ടിസ്റ്റിപാസ് എന്നിവരെല്ലാം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പ്രീ ക്വാര്‍ട്ടറില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് വിജയിച്ചാണ് ഒന്നാം സീഡായ ജോക്കോവിച്ച് ക്വാര്‍ട്ടറില്‍ കടന്നത്. 2 മണിക്കൂറും 26 മിനുട്ടും നീണ്ട മൂന്ന് സെറ്റ് പോരാട്ടത്തിനൊടുവില്‍ 6-4,6-3,6-3 എന്ന സ്‌കോറിനാണ് ജോക്കോവിച്ചിന്റെ ജയം.
ക്വാര്‍ട്ടറില്‍ 18ാം റാങ്കുകാരനായ കരീനോ ബുസ്റ്റയാണ് ജോക്കോവിച്ചിന്റെ എതിരാളി. പ്രീ ക്വാര്‍ട്ടറില്‍ ജര്‍മനിയുടെ ഡാനില്‍ അല്‍ട്ടിമെയ്‌റിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സ്‌പെയിനിന്റെ പ്ലാബോ കരീനോ ബുസ്റ്റ ക്വാര്‍ട്ടറില്‍ കടന്നത്.2 മണിക്കൂറും 22 മിനുട്ടും മത്സരം നീണ്ടു. സ്‌കോര്‍ 6-2,7-5,6-2. റഷ്യയുടെ ആന്‍ഡ്രേ റുബ്ലീവും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 13ാം സീഡായ റുബ്ലീവ് ഹംഗറിയുടെ മാര്‍ട്ടന് ഫുക്‌സോവിക്‌സിനെ തോല്‍പ്പിച്ചാണ് ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തത്. നാല് സെറ്റ് നീണ്ട പോരാട്ടം 3 മണിക്കൂറും 58 മിനുട്ടും നീണ്ടുനിന്നു.
ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് റുബ്ലീവിന്റെ തിരിച്ചുവരവ്. സ്‌കോര്‍ 6-7,7-5,6-4,7-6. അഞ്ചാം സീഡ് ടിസ്റ്റിപാസും നേരിട്ടുള്ള സെറ്റുകള്‍ക്ക് വിജയിച്ചാണ് ക്വാര്‍ട്ടറിലെത്തിയത്. ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിനെ 2 മണിക്കൂറും 30 മിനുട്ടും നീണ്ട മത്സരത്തിനൊടുവിലാണ് ടിസ്റ്റിപാസ് കീഴടക്കിയത്. സ്‌കോര്‍6-3,7-6,6-2. വാശിയേറിയ പോരാട്ടത്തിനൊടുവിലായിരുന്നു ഡൊമിനിക് തീമിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. മൂന്നാം സീഡായ തീം രണ്ടിനെതിരേ മൂന്ന് സെറ്റുകള്‍ക്കാണ് ഹ്യൂഗോ ഗാസ്റ്റനെ തോല്‍പ്പിച്ചത്. 3 മണിക്കൂറും 36 മിനുട്ടും മത്സരം നീണ്ടുനിന്നു. സ്‌കോര്‍ 6-4,6-4,5-7,3-6,6-3.
നിലവിലെ ചാമ്പ്യനും രണ്ടാം സീഡുമായ റാഫേല്‍ നദാല്‍ കുതിപ്പ് തുടരുകയാണ്. പ്രീ ക്വാര്‍ട്ടറില്‍ അമേരിക്കയുടെ സെബാസ്റ്റ്യന്‍ കോട്രയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് നദാല്‍ ക്വാര്‍ട്ടറില്‍ കടന്നത്. 1 മണിക്കൂറും 56 മിനുട്ടും മാത്രമാണ് മത്സരം നീണ്ടത്. സ്‌കോര്‍ 6-1,6-1,6-2.കളിമണ്‍കോര്‍ട്ടിലെ രാജാവായ നദാല്‍ 2017 മുതല്‍ ഫ്രഞ്ച് ഓപ്പണ്‍ ഇതുവരെ കിരീടം മറ്റാര്‍ക്കും നല്‍കിയിട്ടില്ല. 12 ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണ് നദാലിന്റെ അലമാരയിലുള്ളത്.
പരിക്കിനെത്തുടര്‍ന്ന് ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഈ വര്‍ഷത്തെ യുഎസ് ഓപ്പണിലൂടെയാണ് നദാല്‍ തിരിച്ചെത്തിയത്. എന്നാല്‍ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. വനിതാ സിംഗിള്‍സില്‍ ഒന്നാം സീഡ് സിമോണ ഹാലപ്പ് പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. 53ാം റാങ്കുകാരിയായ പോളണ്ടിന്റെ ഇഗ സ്വിയാറ്റിക്കാണ് സിമോണയെ തോല്‍പ്പിച്ചത്. 1 മണിക്കൂറും 9 മിനുട്ടും മാത്രം നീണ്ട മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സ്വിയാറ്റിക്കിന്റെ ജയം. സ്‌കോര്‍ 6-1,6-2.