പുല്ലുവിളയിൽ സ്ഥിതി സങ്കീർണ്ണം; കോവിഡ് മൂലം 6 പേർ മരിച്ചിട്ടും വേണ്ടത്ര പരിശോധന ഇല്ല

0
95

തിരുവനന്തപുരം: സമൂഹവ്യാപനം സ്ഥിരീകരിച്ച തിരുവനന്തപുരത്തെ പുല്ലുവിള മേഖല ഉള്‍പ്പെടുന്ന കരുംകുളം പഞ്ചായത്തില്‍ ഒന്നരയാഴ്ചക്കിടെ 13 കിടപ്പുരോഗികള്‍ മരിച്ചു. ഇവരിൽ ആറുപേരുടെ പരിശോധനാഫലം പോസി്റ്റീവ് ആണ്. ഗുരുതരാവസ്ഥ ബോധ്യപ്പെട്ടിട്ടും പഞ്ചായത്തില്‍ ആകെ നടത്തിയ പരിശോധനകളുടെ എണ്ണം വെറും 818 മാത്രം. പരിശോധനകളുടെ എണ്ണം കൂട്ടി ദുര്‍ബല വിഭാഗങ്ങളെ പ്രത്യേകം സംരക്ഷിച്ചില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകുമെന്ന് തീരവാസികള്‍ പറയുന്നു. കോവിഡ് പ്രതിരോധ നടപടികളേക്കുറിച്ച് വ്യക്തമായ ബോധവത്കരണം നടക്കാത്തതുമൂലം സാമൂഹിക അകലം നടപ്പാകുന്നില്ല.

ഒടുവില്‍ മരണത്തിന് കീഴടങ്ങിയത് പുല്ലുവിള സ്വദേശി 62 കാരന്‍ സ്റ്റെല്ലസാണ്. മരണ ശേഷം നടത്തിയ ആന്റിജന്‍ പരിശോധനയില്‍ കോവിഡ് പോസിററീവ് ആയിരുന്നു. ബുധനാഴ്ച മരിച്ച ട്രീസ വര്‍ഗീസിന് പരിശോധനയില്‍ പോസിറ്റീവ് എന്ന് കണ്ടെത്തി ആശുപത്രിയിലേയ്ക്ക് മാററും മുമ്പേ മരണം സംഭവിച്ചു. വ്യാഴാഴ്ച മരണശേഷം നടത്തിയ പരിശോധനയില്‍ പുല്ലുവിള സ്വദേശിയായ ജോര്‍ജ് , പുതിയതുറ സ്വദേശികളായ തോമസ്, അഗസ്ററിന്‍ എന്നിവര്‍ക്കും കോവിഡ് ബാധിച്ചതായി കണ്ടെത്തി. മരണങ്ങള്‍ കൂടിയപ്പോള്‍ പ്രദേശത്ത് തന്നെ മൃതദേഹ പരിശോധന നടത്താന്‍ സൗകര്യമൊരുക്കിയതിന് ശേഷം മരിച്ചവരുടെ ഫലങ്ങളാണ് പുറത്തറിഞ്ഞത്. 15 ന് മരിച്ച 72 കാരി വിക്ടോറിയയുടെ മരണം മാത്രമാണ് സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.

ഇതു കൂടാതെ ക്രിസ്തുരാജന്‍, അന്തോണി , ബെനീസ് , വിനോദ്, നാഗരാജന്‍, വിന്‍സന്‍റ് , ജോസഫ് കുലാസ് തുടങ്ങിയവരുടെ ശരീര സാംപിളുകള്‍ ആലപ്പുഴ വൈറോളജി ഇന്‍സ്ററിററ്യൂട്ടിലേയ്ക്ക് അയച്ചിരുന്നു. ഫലത്തേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. ജോസഫിന്റെ മൃതദേഹം ഫലം കാത്ത് നാലുദിവസമായി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here