മിഡിൽ ഈസ്റ്റിലെ ബദ്ധവൈരികളായ ഇറാനും സൗദി അറേബ്യയും ശത്രുത മറന്ന് വീണ്ടും ഒന്നിക്കാനൊരുങ്ങുന്നു. രണ്ട് മാസത്തിനുള്ളിൽ ബന്ധം പുനഃസ്ഥാപിക്കാനും എംബസികൾ വീണ്ടും തുറക്കാനും ഇറാനും സൗദിയും സമ്മതിച്ചതായി ഇരു രാജ്യങ്ങളുടെയും സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗിൽ ഇരുരുവരും തമ്മിൽ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ധാരണയിലെത്തിയത്. ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചത് ചൈനയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചർച്ചകൾക്കൊടുവിൽ ഇറാനും സൗദി അറേബ്യയും നയതന്ത്ര ബന്ധം പുനരാരംഭിക്കാനും രണ്ട് മാസത്തിനുള്ളിൽ എംബസികൾ വീണ്ടും തുറക്കാനും സമ്മതിച്ചതായി അൽജസീറ റിപ്പോർട്ട് ചെയ്തു.
ഇറാന്റെ ഔദ്യോഗിക ടിവി നൂർ ന്യൂസ് ചൈനയിൽ ഇരുരാജ്യങ്ങളുടെയും നേതാക്കളുടെ കൂടിക്കാഴ്ച്ച ദൃശ്യമാകുന്ന ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. സൗദി അറേബ്യയുടെ സർക്കാർ ഏജൻസിയായ സൗദി പ്രസ് ഏജൻസിയും (എസ്പിഎ) റിപ്പോർട്ട് സ്ഥിരീകരിച്ചു. പരസ്‌പരം പരമാധികാരം മാനിക്കാമെന്നും, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും ഇരു രാജ്യങ്ങളും സമ്മതിച്ചതായി സംയുക്ത പ്രസ്താവനയിൽ ഏജൻസി പ്രസിദ്ധീകരിച്ചു. 2001ൽ ഒപ്പുവച്ച സുരക്ഷാ സഹകരണ കരാർ സജീവമാക്കാൻ സൗദിയും ഇറാനും സമ്മതിച്ചതായും പ്രസ്താവനയിൽ പറയുന്നു.
മിഡിൽ ഈസ്റ്റിലെ ശക്തരായ രാജ്യങ്ങളാണ് ഇറാനും സൗദി അറേബ്യയും. ഇരു രാജ്യങ്ങൾക്കിടയിലും മതപരമായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. ഇറാൻ ഷിയാ മുസ്ലീങ്ങളുടെ ആധിപത്യമുള്ള രാജ്യമാണെങ്കിൽ സൗദി അറേബ്യ സുന്നി മുസ്ലീങ്ങളുടെ രാജ്യമാണ്. പ്രാദേശിക ആധിപത്യത്തെച്ചൊല്ലി ഇരുവരും പണ്ടേ കലഹത്തിലാണ്.
2016 ൽ സൗദി അറേബ്യ ഒരു പ്രമുഖ ഷിയ പുരോഹിതനെ തൂക്കിലേറ്റിയതോടെ ഇറാനിൽ സൗദികൾക്കെതിരെ അക്രമം പൊട്ടിപ്പുറപ്പെട്ടു. സൗദി നയതന്ത്രജ്ഞരെ ഇറാനിയൻ പ്രതിഷേധക്കാർ ആക്രമിച്ചതിനെ തുടർന്ന് സൗദി അറേബ്യ ഇറാനുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ചു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇരു രാജ്യങ്ങൾക്കിയിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ലെബനൻ, സിറിയ, യെമൻ തുടങ്ങിയ പ്രാദേശിക വിഷയങ്ങളിൽ സൗദി അറേബ്യയും ഇറാനും തമ്മിൽ സംഘർഷം നിലനിന്നിരുന്നു.
സൗദി അറേബ്യയും ഇറാനും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിൽ മുൻ ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് രോഷാകുലനായിരുന്നു. സൗദി അറേബ്യയും ഇസ്രായേലും തമ്മിൽ നയതന്ത്ര ബന്ധമില്ലെങ്കിലും ഇറാനെതിരെ ഗൾഫ് രാജ്യങ്ങളുമായി സഖ്യമുണ്ടാക്കാൻ ഇസ്രായേൽ ശ്രമിക്കുന്നു. ഈ ശ്രമത്തിൽ സൗദി അറേബ്യയും ഒപ്പം നിന്നിരുന്നു. അതുകൊണ്ട് തന്നെ ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിക്കുമെന്ന വാർത്ത ഇസ്രായേൽ നേതാക്കളെ ചൊടിപ്പിച്ചതായാണ് റിപ്പോർട്ട്.