കൊച്ചി
സ്ഥിരനിയമനം കാത്തിരിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളെ വഞ്ചിച്ച് റെയില്‍വേയില്‍ ഗേറ്റ് കീപ്പര്‍ കരാര്‍ നിയമനത്തിനുള്ള നടപടി ത്വരിതപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍.
ദക്ഷിണ റെയില്‍വേയില്‍ ആകെ 1847 പേരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ ജനറല്‍ മാനേജര്‍ ഉത്തരവിറക്കി. ഇതില്‍ 381 പേര്‍ തിരുവനന്തപുരം ഡിവിഷനിലും 247 പേര്‍ പാലക്കാട് ഡിവിഷനിലുമാണ്.
റെയില്‍വേയില്‍ നിയമനങ്ങള്‍ വന്‍തോതില്‍ നടക്കാന്‍ പോകുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനായി 2019ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്ബ് കേന്ദ്രസര്‍ക്കാര്‍ എല്ലാ വിഭാഗങ്ങളിലെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. റെയില്‍വേ റിക്രൂട്ട്മെന്റ് സെല്‍ (ആര്‍ആര്‍സി) വഴിയായിരുന്നു നടപടികള്‍. എന്നാല്‍, നാലുവര്‍ഷമായി നിയമനം നടന്നിട്ടില്ല. ഇതിനിടെ ഒഴിവുകള്‍ രണ്ടരലക്ഷത്തോളമായി. 2019ല്‍ പരീക്ഷ എഴുതി വിജയിച്ചവര്‍ക്കുള്ള വൈദ്യപരിശോധന നടക്കുകയാണ്. ഇത് പൂര്‍ത്തിയായാല്‍ ഉടന്‍ നിയമിക്കാനും സാധിക്കും. എന്നാല്‍, ഇവരുടെ ജോലിസാധ്യത തട്ടിയകറ്റിയാണ് കരാര്‍ നിയമനം.
ഇതുവരെ ട്രാക്ക് മെയിന്റനര്‍മാരെയാണ് ഗേറ്റ് കീപ്പര്‍മാരായി നിയമിച്ചിരുന്നത്. എന്നാല്‍, കരാര്‍ നിയമനത്തില്‍ വിമുക്തഭടന്മാര്‍ക്ക് അവസരമൊരുക്കാനാണ് നീക്കം. വനിതകളെ ഒഴിവാക്കുകയെന്ന ഉദ്ദേശ്യവുമുണ്ട്. ഗേറ്റുകളുടെ മേല്‍നോട്ടവും പരിപാലനവും പൂര്‍ണമായും കരാര്‍വല്‍ക്കരിക്കുന്നതിന്റെ മുന്നോടിയാണ് നടപടിയെന്ന് അറിയുന്നു. ഇതോടെ തിരുവനന്തപുരം ഡിവിഷനില്‍മാത്രം 12 സെക്ഷനുകളിലായി ഉദ്ദേശം 320 ഗേറ്റുകളില്‍ 900 തസ്തിക ഇല്ലാതാകും. എന്‍ജിനിയറിങ് വിഭാഗത്തിലെ ജോലിക്കയറ്റസാധ്യതയും കുറയും.
ഡിആര്‍ഇയു പ്രക്ഷോഭത്തിലേക്ക്
ഉദ്യോഗാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ പ്രതികൂലമായ കരാര്‍ നിയമനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുമെന്ന് ദക്ഷിണ റെയില്‍വേ എംപ്ലോയീസ് യൂണിയന്‍ (ഡിആര്‍ഇയു). 17ന് അസി. എന്‍ജിനിയര്‍ ഓഫീസുകള്‍ക്കുമുന്നില്‍ സമരം സംഘടിപ്പിക്കുമെന്ന് ഡിവിഷണല്‍ കമ്മിറ്റി അറിയിച്ചു.