എന്തെങ്കിലും നേടിയെടുക്കണമെന്ന് തീവ്രമായി ആഗ്രഹിച്ചാൽ ആ ലക്ഷ്യത്തിൽ നിന്ന് ഒരാളെ പിന്തിരിപ്പിക്കാൻ ഒന്നിനും സാധിക്കില്ലെന്ന് തെളിയിക്കുകയാണ് അറ്റ്‌ലാന്‍റയിൽ നിന്നുള്ള ഒരു യുവതി. ഇരുകാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ട് വീൽചെയറിൽ ആയ റെനേ ബ്രൺസ് എന്ന യുവതിയാണ് സ്വന്തം പേരിൽ ഒരു ലോക റെക്കോർഡ് കരസ്ഥമാക്കി ഏവരെയും അമ്പരപ്പിക്കുന്നത്. ഒരു വർഷത്തിനിടെ ഏറ്റവും കൂടുതൽ രാജ്യങ്ങൾ സന്ദർശിച്ചതിന്‍റെ ഗിന്നസ് വേൾഡ് റെക്കോർഡാണ് ഇവർ സ്വന്തമാക്കിയത്.
ചെറിയൊരു തലവേദന വന്നാല്‍, അന്ന് ജോലിക്ക് പോലും പോകാതെ വീട്ടിലിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. അപ്പോള്‍ ശാരീരികമായ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിലോ? പിന്നെ അതിന്‍റെ വേദന അയവിറക്കി ഇരിക്കാനാകും നമ്മുക്ക് കൂടുതലും ഇഷ്ടം. എന്നാല്‍ റെനേ ബ്രൺസ് അങ്ങനെയല്ല. നിവര്‍ന്ന് നിന്ന് നടക്കാനോ എന്തിന് തന്‍റെ രോഗാവസ്ഥ കാരണം നിവര്‍ന്ന് നിക്കാന്‍ പോലും റെനേയ്ക്ക് കഴിയില്ല. അപ്പോഴാണ് അവള്‍ തന്‍റെ വീല്‍ചെയറില്‍ ലോക രാജ്യങ്ങളിലൂടെ സഞ്ചരിച്ചത്.
ജോർജിയയിലെ അറ്റ്‌ലാന്‍റയിൽ നിന്നുള്ള ബ്രൺസ് 55 രാജ്യങ്ങൾ സന്ദർശിക്കുകയും 2022 ജനുവരി 28 -ന് സ്വന്തം പേരിൽ ഒരു ലോക റെക്കോർഡ് സൃഷ്‌ടിക്കുകയും ചെയ്‌തു. ഓരോ രാജ്യം സന്ദര്‍ശിച്ച് കഴിയുമ്പോഴും അവര്‍ ആ രാജ്യത്ത് നിന്ന് ഒരു ചിത്രം തന്‍റെ സാമൂഹിക പേജില്‍ പങ്കുവച്ചു. ഒപ്പം താന്‍ കടന്നു പോകുന്ന എത്രാമത്തെ രാജ്യമാണെന്നും അവര്‍ എഴുതി. എന്നാൽ ഇപ്പോഴാണ് തന്‍റെ നേട്ടത്തെ അഭിനന്ദിച്ച് കൊണ്ടുള്ള ഗിന്നസ് വേൾഡ് റെക്കോർഡ്സിന്‍റെ ഔദ്യോഗിക സർട്ടിഫിക്കറ്റ് റെനിയ്ക്ക് കിട്ടിയത്. തന്‍റെ അഭിമാനനേട്ടം സാമൂഹിക മാധ്യമ പേജിലൂടെ പങ്കുവെച്ച റെനിക്ക് ഇപ്പോൾ അഭിനന്ദന പ്രവാഹം ആണ്.
ഏഴാം വയസുമുതലാണ് റെനേ ബ്രൺസ് വീൽചെയർ ഉപയോഗിക്കാൻ തുടങ്ങിയത്. പക്ഷേ അന്ന് മുതൽ തന്നെ അവളുടെ മനസ്സിൽ യാത്രകളോട് അടങ്ങാത്ത പ്രണയം ഉണ്ടായിരുന്നു. തന്‍റെ ശാരീരിക ബുദ്ധിമുട്ടുകൾ ഒന്നും അതിനൊരു തടസ്സമായി അവൾ കണ്ടില്ല. 16 വയസ്സുള്ളപ്പോഴാണ് അസ്ഥികളുടെയും തരുണാസ്ഥികളുടെയും വികാസത്തെ ബാധിക്കുന്ന ഒരു മെഡിക്കൽ അവസ്ഥയായ ഡയസ്ട്രോഫിക് ഡ്വാർഫിസം എന്ന രോഗമാണ് റെനേയ്ക്കെന്ന് ഡോക്ടർമാർ കണ്ടെത്തിയത്. പക്ഷേ ആ വെളിപ്പെടുത്തല്‍ അവളുടെ ഉള്ളിലെ സ്വപ്നങ്ങളെയും മോഹങ്ങളെയും കരിച്ചു കളഞ്ഞില്ല. പകരം യാത്ര ചെയ്യണമെന്നുള്ള അടങ്ങാത്ത ആഗ്രഹം അവൾ ഹൃദയത്തിൽ സൂക്ഷിച്ചു. പിന്നീട് തന്‍റെ വൈകല്യത്തെ മറന്ന് കൊണ്ട് തന്നെ അവൾ ഒരു ഇൻഷുറൻസ് കമ്പനിയിൽ ജോലിക്ക് കയറി. സ്വന്തമായി ചെറിയൊരു സമ്പാദ്യമൊക്കെയായപ്പോൾ തന്‍റെ ഉള്ളിലെ സ്വപ്നത്തെ അവള്‍ പതുക്കെ പുറത്തെടുക്കാൻ തീരുമാനിച്ചു. അങ്ങനെ വീൽചെയറിൽ ഇരുന്ന് ഒരു വർഷം കൊണ്ട് റെനേ സന്ദർശിച്ച് തീർത്തത് 55 രാജ്യങ്ങള്‍. ഏതായാലും ഈ പെൺകുട്ടിയുടെ ഇച്ഛാശക്തിക്ക് മുൻപിൽ അഭിനന്ദന പ്രവാഹവുമായി എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ ഒന്നാകെ.