ഹോളിവുഡ് ക്രിട്ടിക്സ് അവാർഡ്‌സിൽ മൂന്ന് വിഭാഗങ്ങളിൽ അവാർഡ് കരസ്ഥമാക്കി എസ് എസ് രാജമൗലി സംവിധാനം ചെയ്ത ‘ആർആർആർ’. മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച ഗാനം, മികച്ച ആക്ഷൻ ഫിലിം എന്നീ വിഭാഗങ്ങളിലാണ് ‘ആർആർആർ’ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. സംവിധായകൻ എസ്എസ് രാജമൗലിയാണ് അവാർഡ് ഏറ്റുവാങ്ങിയത്.
‘ആര്‍ആര്‍ആറി’ലെ ‘നാട്ടു നാട്ടു’ എന്ന ഗാനം അടുത്തിടെ ഗോള്‍ഡ് ഗ്ലോബ് നേടിയിരുന്നു. എം എം കീരവാണിയാണ് ചിത്രത്തിലെ ഗാനത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. കൂടാതെ ഈ വർഷത്തെ ഓസ്കാർ നോമിനേഷൻ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്ന ഇന്ത്യൻ ചിത്രം കൂടെയാണ് ‘ആർആർആർ’.
രാജമൗലിയുടെ അച്ഛൻ കെ വി വിജയേന്ദ്ര പ്രസാദിന്റേതായിരുന്നു ചിത്രത്തിന്റെ തിരക്കഥ. 1920കള്‍ പശ്ചാത്തലമായ ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദാനയ്യയാണ് ചിത്രം നിര്‍മ്മിച്ചത്. 1200 കോടി രൂപയില്‍ അധികം ചിത്രം കളക്ഷൻ നേടിയിരുന്നു. അടുത്തിടെ ജപ്പാനിലും റിലീസ് ചെയ്‍ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.