അത്യപൂർവ്വ കാഴ്‌ച ; അഞ്ച് ഗ്രഹങ്ങൾ ഒന്നിച്ച് ആകാശത്ത്

0
85

ആകാശത്ത് അത്യപൂര്‍വ്വമായ ഒരു കാഴ്ച്ചയ്ക്ക് ജൂലൈ 19 സാക്ഷിയാകുമെന്ന് ജ്യോതിശാസ്ത്രജ്ഞര്‍. അഞ്ച് ഗ്രഹങ്ങളെ ഒരുമിച്ച് കാണാന്‍ കഴിയുന്ന അത്യപൂര്‍വ്വ നിമിഷത്തിനാണ് ലോകം സാക്ഷ്യം വഹിക്കുകയെന്ന് ജ്യോതിശാസ്ത്രജ്ഞനായ ജെഫറി ഹണ്ട് അറിയിച്ചു. ബുധന്‍, ശുക്രന്‍, ശനി, വ്യാഴം, ചൊവ്വ, എന്നീ അഞ്ച് ഗ്രഹങ്ങളും ചന്ദ്രക്കലയും ഒരുമിച്ച് ജൂലൈ 19 സൂര്യോദയത്തിന് മുന്‍പ് ആകാശത്ത് ദൃശ്യമാകുമെന്നാണ് ജെഫറി ഫണ്ട് പറയുന്നത്. ദൂരദര്‍ശിനി പോലും ഉപയോഗിക്കാതെ ഇവയെ കാണാന്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.

സൂര്യോദയത്തിന് ഒരു മണിക്കൂര്‍ മുന്‍പാണ് ഗ്രഹങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. സൂര്യോദയത്തിന് 45 മിനിറ്റ് മുന്‍പ് ചന്ദ്രക്കലയും അഞ്ച് ഗ്രഹങ്ങളും ആകാശത്തിന് കുറുകെ പ്രത്യക്ഷപ്പെടും. ഗ്രഹങ്ങളെ ദര്‍ശിക്കാനായി കിഴക്ക്- വടക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ് ഭാഗത്തായി ചക്രവാളങ്ങളുള്ള ഒരു സ്ഥലം കണ്ടെത്തണം. ബുധന്‍, വ്യാഴം ചന്ദ്രന്‍ എന്നിവയെ ബൈനോക്കുലര്‍ ഉപയോഗിച്ച് കാണാന്‍ കഴിയുമെന്നും ജെഫറി ഫണ്ട് പറഞ്ഞു. അടുത്ത കുറച്ച് ദിവസങ്ങളിലും ഈ അഞ്ച് ഗ്രഹങ്ങളെയും ഒരുമിച്ച് കാണാന്‍ കഴിയും. എന്നാല്‍ ചന്ദ്രനെ അടുത്ത ദിവസങ്ങളില്‍ ഇവയ്‌ക്കൊപ്പം കാണാന്‍ കഴിയില്ല. വരും ദിവസങ്ങളില്‍ മൂന്നോ നാലോ മിനിട്ട് നേരം ആകാശം നിരീക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

സൂര്യോദയത്തിന് 2 മണിക്കൂര്‍ മുന്‍പ് തെക്ക് പടിഞ്ഞാറ് ഭാഗത്ത് വ്യാഴവും അതിന് മുകളിലായി ശനിയും പ്രത്യക്ഷപ്പെടും. ഇതേസമയം തെക്ക് കിഴക്കന്‍ ആകാശത്തിന്റെ ചക്രവാളത്തില്‍ ചൊവ്വയും പ്രത്യക്ഷപ്പെടും. ആകാശത്തിന്റെ കിഴക്ക് ഭാഗത്ത് ശുക്രന്‍ തിളങ്ങുന്നത് കാണാം. വടക്ക് കിഴക്ക് ആകാശത്തിന് താഴെയായി ചന്ദ്രന്റെ വലത് വശത്തായി ബുധനെയും കാണാന്‍ കഴിയും. ജൂലൈ 25 വരെ ഈ പ്രതിഭാസം ആകാശത്ത് തുടരുമെന്നാണ് അദ്ദേഹം പറയുന്നത്. ആഗസ്റ്റ് പകുതി വരെ ശുക്രന്‍, ശനി , ചൊവ്വ, വ്യാഴം എന്നീ ഗ്രഹങ്ങളെ ആകാശത്ത് ഒന്നിച്ച് കാണാന്‍ കഴിയുമെന്നും ജെഫറി ഫണ്ട് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here