മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യയുടെ അഭിമാനപദ്ധതി ‘ഗഗൻയാനി’ന്റെ ഭാഗമായി ഐ.എസ്.ആർ.ഒ. പാരച്യൂട്ട് പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ഇന്റഗ്രേറ്റഡ് മെയിൻ പാരച്യൂട്ട് എയർഡ്രോപ് ടെസ്റ്റ് (ഐ.എം. എ.ടി.) പരീക്ഷണം തിരുവനന്തപുരം വി.എസ്.എസ്.സി.യുടെ നേതൃത്വത്തിൽ ഉത്തർപ്രദേശിലെ ഝാൻസിയിലാണ് നടന്നത്.
ബഹിരാകാശ യാത്രക്കാരെ സുരക്ഷിതമായി ഭൂമിയിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ചെറുതും വലുതുമായ 10 പാരച്യൂട്ടുകളെ നിശ്ചിത സമയങ്ങളിൽ വിന്യസിപ്പിച്ച്, ബഹിരാകാശ പേടകത്തെ അപകടമില്ലാതെ നിശ്ചിത സ്ഥലത്തിറക്കാനുള്ള സാങ്കേതികസംവിധാനമാണ് പരീക്ഷിച്ചത്.