കോവിഡ് ചതിച്ചു, കടം, സാമ്പത്തിക പ്രതിസന്ധി; 3.32 ലക്ഷം പ്രവാസികൾക്ക് തിരികെ പോകാനായില്ല- പഠനം

0
86

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് കേരളത്തിലേക്ക് തിരികെ എത്തിയ ഗൾഫ് പ്രവാസികളിൽ നല്ലൊരു ശതമാനത്തിനും തിരികെ പോകാനായിട്ടില്ലെന്ന് പഠനം. കേരളത്തിലേക്ക് കോവിഡ് സാഹചര്യത്തിൽ മടങ്ങിയെത്തിയത് 14.71 ലക്ഷം പ്രവാസികളാണ്. ഇതിൽ 77 ശതമാനം ആളുകൾക്കും തിരികെ പോയി പഴയ ജോലിയിലോ പുതിയ ജോലിയിലോ പ്രവേശിക്കാനായി. എന്നാൽ ഏതാണ്ട് 3.32 ലക്ഷം ആളുകളാണ് ഇപ്പോഴും കേരളത്തിൽ തിരികെ പോകാൻ സാധിക്കാത്ത സാഹചര്യത്തിലുള്ളതെന്ന് സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ പഠനത്തിൽ പറയുന്നു. മുൻ ധനകാര്യകമ്മീഷൻ അധ്യക്ഷൻ ബി.എ പ്രകാശാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയത്.

കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ അഞ്ച് ജില്ലകളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 2021 ജൂലൈ മുതൽ നവംബർ വരെയാണ് പഠനം നടന്നത്. അഞ്ച് ജില്ലകളിൽ നിന്നായി 404 പേരിൽ നിന്നാണ് വിവരങ്ങൾ തേടിയത്. ഇവരിൽ 54 ശതമാനത്തോളം ഗൾഫ് പ്രവാസികളാണ് ഇപ്പോഴും തങ്ങളുടെ പഴയ ജോലിയിൽ പ്രവേശിക്കാനാകാത്ത സാഹചര്യത്തിലുള്ളത്.

പത്തോ അതിലധികമോ വർഷം ഗൾഫ് രാജ്യങ്ങളിൽ അധ്വാനിച്ച് സംസ്ഥാനത്തിന് വലിയതോതിൽ വിദേശനാണ്യം നേടിത്തന്ന പ്രവാസികളാണ് ഇങ്ങനെ പ്രതിസന്ധിയിലായിരിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ യാത്രാനിയന്ത്രണങ്ങൾ, വാക്സിനേഷൻ നയങ്ങൾ, മുമ്പ് ജോലിചെയ്തിരുന്ന സ്ഥാനത്ത് കോവിഡ് സമയത്ത് മറ്റുള്ളവർക്ക് ജോലി കൊടുക്കൽ എന്നിവയാണ് പ്രവാസികളുടെ തിരികെ പോക്കിന് തടസമുണ്ടാക്കിയത്. ഇതിന് പുറമെ ഗൾഫ് രാജ്യങ്ങൾ കൂടുതൽ തൊഴിൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതും പ്രതിസന്ധിയുണ്ടാക്കിയെന്ന് പഠനം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here