രാജകുമാരി• ജില്ലയിലെ ആദ്യത്തെ മൊബൈൽ ഡീസൽ വിതരണ വാഹനം ചിന്നക്കനാലിൽ യാത്ര തുടങ്ങി. വിനോദസഞ്ചാര കേന്ദ്രമായ ചിന്നക്കനാലിൽ ഇന്ധനം നിറയ്ക്കാൻ പമ്പ് ഇല്ലാത്തത് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. 27 കിലോമീറ്റർ അകലെയുള്ള മൂന്നാറിലോ 21 കിലോമീറ്റർ അകലെയുള്ള പൂപ്പാറയിലോ പോകേണ്ട സ്ഥിതിയായിരുന്നു. പുതിയ ഡീസൽ വിതരണ സംവിധാനമൊരുങ്ങിയതോടെ ഇൗ പ്രശ്നത്തിനു പരിഹാരമായി.
ഇന്ത്യൻ ഓയിൽ കോർപറേഷനും സംരംഭകനായ ടോം തോമസും സഹകരിച്ചാണ് ചിന്നക്കനാൽ മേഖലയിൽ ഇന്ധന ടാങ്കറിൽ ഡീസൽ വിതരണ സൗകര്യമൊരുക്കിയത്. കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ പവർഹൗസ് വെള്ളച്ചാട്ടം മുതൽ സൂര്യനെല്ലി വരെയുള്ള പ്രദേശങ്ങളിലാണ് സേവനം ലഭ്യമാക്കുക. ടാങ്കർ വാഹനത്തിന്റെ വെഞ്ചരിപ്പ് കർമം സൂര്യനെല്ലി സെന്റ് ജോസഫ് പള്ളി വികാരി ഫാ. വിജോഷ് മുല്ലൂർ നിർവഹിച്ചു. ചിന്നക്കനാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.വള്ളിയമ്മാൾ ഉദ്ഘാടനം ചെയ്തു.