ഐസിസി വനിതാ ട്വന്‍റി 20 ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് 119 റണ്‍സ് വിജയലക്ഷ്യം

0
70

കേപ്‌ടൗണ്‍: ഐസിസി വനിതാ ട്വന്‍റി 20 ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് 119 റണ്‍സ് വിജയലക്ഷ്യം. ന്യൂലാന്‍ഡ്‌സില്‍ ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് വനിതകള്‍ ദീപ്‌തി ശര്‍മ്മയുടെ മൂന്ന് വിക്കറ്റ് മികവിന് മുന്നില്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റിന് 118 റണ്‍സാണ് നേടിയത്. വിന്‍ഡീസിനായി സ്റ്റെഫനീ ടെയ്‌ലറും ഷിമൈന്‍ കാംപ്‌ബെല്ലും തിളങ്ങി. 4 ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ദീപ്‌തിയുടെ മൂന്ന് വിക്കറ്റ് പ്രകടനം.

മത്സരം തുടങ്ങി രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ഹെയ്‌ലി മാത്യൂസിനെ വിക്കറ്റിന് പിന്നില്‍ റിച്ച ഘോഷിന്‍റെ കൈകളിലെത്തിച്ചു പൂജ വസ്‌ത്രക്കര്‍. ആറ് പന്തില്‍ രണ്ട് റണ്‍സ് മാത്രമാണ് ഹെയ്‌ലിയുടെ സമ്പാദ്യം. രണ്ടാം വിക്കറ്റില്‍ സ്റ്റെഫനീ ടെയ്‌ലറും ഷിമൈന്‍ കാംപ്‌ബെല്ലും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും സ്കോറിംഗ് വേഗത്തിന് തടയിടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി. 10 ഓവറില്‍ 53-1 എന്ന നിലയിലായിരുന്നു വിന്‍ഡീസ് പിന്നാലെ ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ചെങ്കിലും വിക്കറ്റുകള്‍ ചോര്‍ന്നു. 36 പന്തില്‍ 30 റണ്‍സെടുത്ത ഷിമൈന്‍ കാംപ്‌ബെല്ലിനെ ദീപ്‌തി ശര്‍മ്മ എറിഞ്ഞ 14-ാം ഓവറിലെ മൂന്നാം പന്തില്‍ സ‌്മൃതി മന്ദാന തകര്‍പ്പന്‍ ക്യാച്ചില്‍ പുറത്താക്കി. ഇതോ ഓവറിലെ അവസാന പന്തില്‍ മറ്റൊരു വിക്കറ്റ് കൂടി ദീപ്‌തി നേടി. 40 പന്തില്‍ 42 നേടിയ സ്റ്റെഫനീ ടെയ്‌ലറെ ദീപ്‌തി എല്‍ബിയിലൂടെ മടക്കുകയായിരുന്നു.

നാല് പന്തില്‍ 2 റണ്‍സ് മാത്രം നേടിയ ഷിനേല്‍ ഹെന്‍‌റിയെ മന്ദാന-റിച്ച സഖ്യം റണ്ണൗട്ടാക്കി. 13 പന്തില്‍ 15 റണ്‍സ് നേടിയ ഷബീക ഗജ്‌നാബിയെ 19-ാം ഓവറിലെ അവസാന പന്തില്‍ രേണുക സിംഗ് ബൗള്‍ഡാക്കി. അവസാന ഓവറിലും ദീപ്‌തി ശര്‍മ്മ മിന്നിച്ചതോടെ വിന്‍ഡ‍ീസിന്‍റെ വെടിക്കെട്ട് മോഹങ്ങളെല്ലാം അവസാനിച്ചു. രണ്ടാം പന്തില്‍ ക്രീസ് വിട്ടിറങ്ങി സിക്‌സിന് ശ്രമിച്ചെങ്കിലും ആഫി ഫ്ലെച്ചര്‍(0) ബൗള്‍ഡായി. 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 18 പന്തില്‍ 21* റണ്‍സുമായി ഷിഡീന്‍ നേഷനും 2 പന്തില്‍ 2* റണ്‍സുമായി റഷാഡ വില്യംസും പുറത്താവാതെ നിന്നു.

ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ സ്‌മൃതി മന്ദാന പരിക്ക് മാറിയെത്തി. ദേവിക വൈദ്യയും ഇലവനിലേക്ക് മടങ്ങിയെത്തി. മന്ദാന-ഷെഫാലി സഖ്യമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. ആദ്യ മത്സരത്തിൽ പാകിസ്ഥാനെ  ഇന്ത്യ തോൽപ്പിച്ചിരുന്നു. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട് തോറ്റ വിൻഡീസിന് സെമി പ്രതീക്ഷ നിലനിർത്താൻ ഇന്ന് ജയിച്ചേ പറ്റൂ.

LEAVE A REPLY

Please enter your comment!
Please enter your name here