തിരുവനന്തപുരം • ഭരണവും പാർട്ടിയും ഒരേവഴിക്കു സഞ്ചരിക്കാൻ രാസത്വരകമായി നിന്ന മുൻ പാർട്ടി സെക്രട്ടറിയെയാണ് സിപിഎമ്മിനു നഷ്ടമാകുന്നത്. മുന്നണിക്കുള്ളിലും പുറത്തും പാർട്ടി വിമർശനവിധേയമായപ്പോൾ പ്രതിരോധിക്കാൻ കരുത്തായത് കോടിയേരിയുടെ മൂർച്ചയേറിയ ഇടപെടലുകളും സമ്മർദങ്ങളെ അകറ്റുന്ന സൗമ്യതയുമായിരുന്നു.
ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ദിവസമായിരുന്നു കോടിയേരിയുടെ വിവാഹം. കല്യാണ സ്ഥലത്തുനിന്ന് സമ്മേളന നഗരിയിലേക്കുപോയ കോടിയേരി പിറ്റേന്നാണ് മടങ്ങിയെത്തിയത്. ഈ പാർട്ടിക്കൂറാണ് പിണറായി, വിഎസ് പക്ഷങ്ങൾക്കിടയിൽ പക്ഷപാതമില്ലാതെ നിൽക്കാൻ സഹായിച്ചതും. പക്ഷങ്ങൾക്കിടയിൽ ഒരു കോടിയേരി പക്ഷം ഒരിക്കലും ഉണ്ടായില്ല.
സങ്കീർണമായ പ്രശ്നങ്ങളെ ഇഴകീറി പരിശോധിച്ച് ആരെയും പിണക്കാതെ തീരുമാനങ്ങളെടുക്കാൻ ശേഷിയുള്ള മധ്യസ്ഥന്‍ വിടവാങ്ങുമ്പോൾ പാർട്ടിക്കുണ്ടാകുന്ന നഷ്ടം ചെറുതല്ല. സിപിഎം– സിപിഐ തർക്കം രൂക്ഷമായ വേളകളിലെല്ലാം പാർട്ടി അനുനയ ചർച്ചകൾക്കായി ചുമതലപ്പെടുത്തിയത് കോടിയേരിയെയാണ്. വെളിയം ഭാർഗവനും പിണറായി വിജയനും വി.എസ്.അച്യുതാനന്ദനുമെല്ലാം കോടിയേരിയുടെ രാഷ്ട്രീയ നയതന്ത്രജ്ഞതയ്ക്കു വഴങ്ങി.
ഈ മുഖത്തിന്റെ മറുവശമാണ്, രേഖാചിത്രം വരച്ചാണ് അന്വേഷിക്കുന്നതെങ്കിൽ ജിഷ വധക്കേസ് ആർട്ടിസ്റ്റ് നമ്പൂതിരിയെ കൊണ്ട് അന്വേഷിപ്പിച്ചു കൂടേയെന്ന ചാട്ടുളി പോലുള്ള ആക്ഷേപഹാസ്യം. ‘യുഗാന്ത്യം’ എന്ന പ്രയോഗം കോടിയേരിയുടെ കാര്യത്തിൽ അക്ഷരാർഥത്തിൽ സത്യമാണ്. മൂർച്ചയേറിയ രാഷ്ട്രീയ നീക്കങ്ങളും ആഴത്തിൽ ചിന്തിപ്പിക്കുന്ന ഫലിതങ്ങളും ഭരണസാമർഥ്യവും കയ്യിലുള്ള സിപിഎം നേതാവിന്റെ കസേര ഇനി ഏറെ നാൾ ഒഴിഞ്ഞു കിടക്കുമെന്നുറപ്പ്.