തൈ പിറന്താൽ വഴി പിറക്കുമെന്നാണ് തമിഴ് പഴമൊഴി.തമിഴ് കലണ്ടറിലെ തൈമാസം എല്ലാക്കാര്യങ്ങൾക്കും ശുഭമാണെന്നും മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾക്കു പോലും നിവൃത്തിയുണ്ടാകുമെന്നുമാണ് വിശ്വാസം.
തൈ മാസത്തിലെ പൂയം നാളാണ് തൈപ്പൂയമായി ആഘോഷിക്കുന്നത്. ഉത്തരായണത്തിന്റെ തുടക്കമായ മകരസംക്രമദിനമാണ് തൈമാസത്തിലെ ആദ്യനാൾ. അതാണ് തൈപ്പൊങ്കൽ. ഇതേ മാസത്തിലെ മറ്റൊരു ആഘോഷമാണ് തൈപ്പൂയം.
തമിഴ്‌നാട്ടിലേയും കേരളത്തിലേയും സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ ഈ ദിവസം പ്രധാനമാണ്. സുബ്രഹ്മണ്യൻ പ്രധാന ദേവതയായ ക്ഷേത്രങ്ങളിലും ഉപദേവതയായ ക്ഷേത്രങ്ങളിലും തൈപ്പൂയാഘോഷം നടക്കുന്നുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് മലേഷ്യയിലും ഈ ദിവസം വിശേഷമായി കൊണ്ടാടുന്നു.
പഴനി, തിരുപ്പറങ്കുണ്ട്രം, തിരുച്ചെന്തൂർ, തിരുത്തണി, പഴമുതിർച്ചോലൈ, സാമിമല, കുമാരകോവിൽ, ഹരിപ്പാട്, ചെറിയനാട്, കിടങ്ങൂർ,പെരുന്ന,ഇളങ്കുന്നപ്പുഴ, പയ്യന്നൂർ തുടങ്ങി നിരവധി ക്ഷേത്രങ്ങളിൽ തൈപ്പൂയം ആഘോഷിക്കുന്നു. ഇവിടങ്ങളിലെല്ലാം ആഘോഷമായ കാവടിയാട്ടവും തുടർച്ചയായ അഭിഷേകങ്ങളും തൈപ്പൂയ ദിവസം ഉണ്ടാകാറുണ്ട്.
സുബ്രഹ്മണ്യനുള്ള സമർപ്പണമാണ് കാവടി. അഭീഷ്ടസിദ്ധിയ്ക്കാണ് പീലിക്കാവടികളും പൂക്കാവടികളും ഭസ്മക്കാവടികളും നേരുന്നത്.തൈപ്പൂയദിനത്തിൽ കാവടി കെട്ടിയാടുന്നത് വിശേഷമാണ്. പല ക്ഷേത്രങ്ങളിലും ഒരാഴ്ചത്തെ തൈപ്പൂയാഘോഷമാണ് നടക്കുക. പഴനിയിൽ രഥോത്സവവും, മധുരയിൽ തെപ്പരഥോത്സവവും നടക്കുന്നു.
ദേവസേനാപതിയായ സുബ്രഹ്മണ്യൻ താരകാസുരനെ യുദ്ധത്തിൽ വധിച്ച് വിജയം കൈവരിച്ച ദിവസമാണ് മകരമാസത്തിലെ പൂയം നാൾ എന്നു കരുതുന്നു. താരകാസുരൻ ദേവലോകത്തെ ജീവിതം ദുസ്സഹമാക്കിയപ്പോൾ മഹർഷിമാരും ദേവന്മാരും ശിവപാർവതിമാരെ അഭയം പ്രാപിച്ചു.
താരകാസുരനിഗ്രഹത്തിനായി പുത്രനായ സുബ്രഹ്മ ണ്യനെയാണ് ഭഗവാൻ അയക്കുന്നത്. പന്ത്രണ്ട് ആയുധങ്ങളുമായായിരുന്നു സുബ്രഹ്മണ്യന്റെ യാത്ര. അസുരനെ വധിച്ച് സുബ്രഹ്മണ്യൻ ദേവലോകത്ത് വീണ്ടും ഐശ്വര്യമെത്തിച്ചു. ആ നാളിന്റെ സ്മരണയ്ക്കാണ് തൈപ്പൂയാഘോഷം.സുബ്രഹ്മണ്യന്റെ വിവാഹദിനമാണ് തൈപ്പൂയമെന്നും പിറന്നാൾ തൃക്കാർത്തികയാണെന്നും മറ്റൊരു ഐതിഹ്യവുമുണ്ട്. 5 ഫെബ്രുവരി 2023നാണ് ഈ വർഷത്തെ തൈപ്പൂയം.