ദമ്പതികൾക്ക് 1000 രൂപ ഫൈനടിച്ച പൊലീസുകാരെ പിരിച്ചുവിട്ടു

0
69

ബെഗംളൂരു: രാത്രി 11 മണിക്ക് ശേഷം വീടിന് പുറത്തിറങ്ങിയെന്ന് ആരോപിച്ച് ദമ്പതികൾക്ക് 1000 രൂപ പിഴ ചുമത്തിയ രണ്ടു പൊലീസുകാരെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. ബെഗംളൂരുവിലാണ് സംഭവം. ഡിസംബർ എട്ടിന് രാത്രി 12.30ഓടെ വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന ദമ്പതികൾക്ക് പിഴ ചുമത്തിയ ഹെഡ് കോൺസ്റ്റബിളിനെയും കോൺസ്റ്റബിളിനെയുമാണ് സർവീസിൽനിന്ന് പിരിച്ചുവിട്ടത്.

സാമ്പിഗെഹള്ളി പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ രാജേഷ്, കോൺസ്റ്റബിൾ നാഗേഷ് എന്നിവരെയാണ് പിരിച്ചുവിട്ടത്. രണ്ട് ഉദ്യോഗസ്ഥരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടതായി സിറ്റി പോലീസ് കമ്മീഷണർ പ്രതാപ് റെഡ്ഡി സ്ഥിരീകരിച്ചു.

പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഇവർ രണ്ടുപേരുമാണ് ദമ്പതികളെ തടഞ്ഞ് പണം തട്ടിയത്. രാത്രി 11 മണിക്ക് ശേഷം പുറത്തിറങ്ങി കറങ്ങിയതിന് “പിഴ” ആയി 1000 രൂപ തട്ടിയെടുക്കുകയായിരുന്നു. താമസസ്ഥലത്ത് നിന്ന് ഏതാനും മീറ്റർ അകലെവെച്ച് പോലീസ് തങ്ങളെ തടഞ്ഞുനിർത്തി ഐഡി കാർഡ് ചോദിക്കുകയും ബന്ധം, ജോലിസ്ഥലം, മറ്റ് വിശദാംശങ്ങൾ എന്നിവയെക്കുറിച്ച് ചോദിക്കുകയും 11 മണിക്കുശേഷം പുറത്തിറങ്ങിയതിന് 3000 രൂപ പിഴ ഒടുക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നുവെന്ന് ഇരകളിലൊരാളായ കാർത്തിക് പത്രി പിന്നീട് ട്വിറ്ററിൽ കുറിച്ചു. ഒടുവിൽ പേടിഎം വഴി 1000 രൂപ നൽകേണ്ടി വന്നതായും ഇയാൾ വ്യക്തമാക്കി.

സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതോടെ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഇവർ പണം തട്ടിയെടുത്ത് പേടിഎം വഴി കൈപ്പറ്റിയതായി അന്വേഷണത്തിൽ വ്യക്തമായതായും ഇതോടെ ഇരുവരെയും സർവീസിൽനിന്ന് പിരിച്ചുവിടുകയുമായിരുന്നുവെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here