മുംബൈ: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റര്‍ വിനോദ് കാംബ്ലിക്കെതിരെ ഗുരുതര പരാതികളുമായി ഭാര്യ ആന്‍ഡ്രിയ ഹെവൈറ്റ്. ബാന്ദ്രയിലെ ഫ്ലാറ്റില്‍ വച്ച് മദ്യലഹരിയില്‍ കാംബ്ലി മര്‍ദിച്ചെന്നും അപമാനിച്ചെന്നുമാണ് ആന്‍ഡ്രിയയുടെ പരാതി. കുക്കിംഗ് പാനിന്‍റെ പിടി വച്ചുള്ള ഏറില്‍ ആന്‍ഡ്രിയയുടെ തലയ്ക്ക് പരിക്കേറ്റെന്നും പരാതിയില്‍ പറയുന്നു. ഐപിസി 504(അപമാനിക്കാനുള്ള ശ്രമം), 324(മാരകായുധം ഉപയോഗിച്ച് മനപ്പൂര്‍വം മുറിവേല്‍പിക്കാനുള്ള ശ്രമം) വകുപ്പുകള്‍ പ്രകാരം വിനോദ് കാംബ്ലിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തതായി ബാന്ദ്ര പൊലീസ് വ്യക്തമാക്കിയതായി ഇന്‍സൈഡ് സ്പോര്‍ട് റിപ്പോര്‍ട്ട് ചെയ്തു.
ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച ഉച്ചയ്ക്ക് ഒരു മണിക്കും ഒന്നരയ്ക്കും ഇടയ്‌ക്കായിരുന്നു സംഭവം. ബാന്ദ്രയിലെ ഫ്ലാറ്റിലേക്കെത്തിയ വിനോദ് കാംബ്ലി ഭാര്യ ആന്‍ഡ്രിയ ഹൈവൈറ്റിനെ ആക്രമിക്കുകയായിരുന്നു. പന്ത്രണ്ട് വയസുകാരനായ മകന്‍ കാംബ്ലിയെ ശാന്തനാക്കാന്‍ ശ്രമിച്ചെങ്കിലും അടുക്കളയിലേക്ക് പാഞ്ഞുകയറി മുന്‍ ക്രിക്കറ്റര്‍ കുക്കിംഗ് പാനിന്‍റെ പിടി എടുത്ത് ഭാര്യയുടെ തലയ്ക്ക് എറിയുകയായിരുന്നു എന്നാണ് ആരോപണം. ഇതിനെ തുടര്‍ന്ന് ആന്‍ഡ്രിയ ചികില്‍സ തേടിയതായി ബാന്ദ്ര പൊലീസ് പറയുന്നു. ഇതിന് ശേഷമാണ് പൊലീസില്‍ കാംബ്ലിക്കെതിരെ ആന്‍ഡ്രിയ പരാതി നല്‍കിയത്. ‘തന്നെയും മകനേയും കാരണമേതുമില്ലാതെ ആക്രമിച്ചു. കുക്കിംഗ് പാനിന്‍റെ പിടി വച്ച് എറിഞ്ഞു. അതിന് ശേഷം ബാറ്റ് കൊണ്ട് അടിച്ചു. അയാളെ തടയാന്‍ താനേറെ ശ്രമിച്ചു’ എന്നും ആന്‍ഡ്രിയയുടെ പരാതിയില്‍ പറയുന്നു.