സീറ്റ് ബെൽറ്റ് ധരിച്ചില്ല; പ്രധാനമന്ത്രിക്ക് പിഴയിട്ട് ബ്രിട്ടിഷ് പൊലീസ്

0
71

ലണ്ടൻ: യാത്രയ്ക്കിടെ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിന് പിഴയിട്ട് ബ്രിട്ടിഷ് പൊലീസ്. പുതിയ ലെവൽ അപ്പ് ക്യാമ്പയിനെ പറ്റി റിഷി സുനക് തന്നെ ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്ത വീഡിയോയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ഈ വീഡിയോ വൈറലായതോടെയാണ് ബ്രിട്ടീഷ് പൊലീസ് പ്രധാനമന്ത്രിക്ക് പിഴയിട്ടത്.

മുമ്പ് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് റിഷി സുനക് വിമര്‍ശന വിധേയനായിരുന്നു. ഇപ്പോള്‍ വടക്കൻ ഇംഗ്ലണ്ടിലെ ലങ്കാഷെയറിലേക്കുള്ള യാത്രയ്ക്കിടെയാണ് റിഷി സുനക് സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്തത്. കാറിന്‍റെ പിന്‍ സീറ്റില്‍ യാത്ര ചെയ്യുകയായിരുന്ന റിഷി സുനക് സീറ്റ് ബെല്‍റ്റ് ഊരി വീഡിയോ ചിത്രീകരിക്കുകയും ആ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും സീറ്റ് ബെൽറ്റ് ധരിക്കാത്തതിനെതിരെ വിമര്‍ശനം ഉയരുകയും ചെയ്തു. പിന്നാലെ ബ്രിട്ടിഷ് പൊലീസ് പ്രധാനമന്ത്രിക്ക് പിഴ ചുമത്തുകയായിരുന്നു. സംഭവത്തിൽ റിഷി സുനക് ഖേദം പ്രകടിപ്പിച്ചു. പിഴ അടക്കുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്.

പൊലീസ്, അഗ്നിശമന സേന, രക്ഷാ പ്രവര്‍ത്തനങ്ങള്‍, സെർട്ടിഫൈ ചെയ്ത ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവർ ഒഴികെ എല്ലാവരും യാത്രാ സമയത്ത് സീറ്റ് ബെല്‍റ്റ് ധരിക്കണം എന്നത് ബ്രിട്ടനിലെ കര്‍ശന നിയമമാണ്. സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 100 പൗണ്ടാണ് (ഏകദേശം 10,000 ഇന്ത്യന്‍ രൂപ) പിഴ. കേസ് കോടതിയിലെത്തിയാൽ ഇത് 500 പൗണ്ടായി ഉയരും.

LEAVE A REPLY

Please enter your comment!
Please enter your name here