കൊല്ലം • റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചുള്ള പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം കൊല്ലം ഏഴാംമൈൽ സ്വദേശി ആദിത്യ സുരേഷിന് (15) ലഭിച്ചു. കലാരംഗത്തെ മികവിനാണ് ആദിത്യയെ തിരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും മെഡലും പ്രശസ്തി പത്രവും അടങ്ങുന്നതാണു കുട്ടികൾക്കുള്ള ഈ ദേശീയ അവാർഡ്. തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ഏറ്റുവാങ്ങും. കുന്നത്തൂർ വിജിഎസ്എസ് അംബികോദയം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്.
അസ്ഥികൾ പൊട്ടുന്ന ഓസ്റ്റിയോ ജനസിസ് ഇംപെർഫെക്ട എന്ന അപൂർവ ജനിതകാവസ്ഥയോടെയായിരുന്നു ആദിത്യയുടെ ജനനം. അമർത്തി തൊട്ടാൽ പോലും ഒടിയുന്ന എല്ലുകളുമായി വേദനയോടു പൊരുതിയാണു ജീവിതം. നാലാം വയസ്സിൽ വാക്കുകൾ ഉറച്ചുപറയാൻ തുടങ്ങുന്നതിനു മുൻപേ ആദിത്യയ്ക്കു പാട്ടും ഈണങ്ങളും വഴങ്ങി. അറുന്നൂറോളം വേദികളിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.