രജനികാന്തിന് പിറന്നാൾ ആശംസകളുമായി തന്‍റെ ബാര്‍ബര്‍ ഷോപ്പിൽ എത്തുന്നവർക്ക് കട്ടിങ്ങും ഷേവിങ്ങും സൗജന്യമാക്കി ഒരു കട്ടആരാധകന്‍.

0
97

തിരുവനന്തപുരം:  സ്റ്റൈല്‍ മന്നന്‍ രജനികാന്തിന് പിറന്നാൾ ആശംസകളുമായി തന്‍റെ ബാര്‍ബര്‍ ഷോപ്പിൽ എത്തുന്നവർക്ക് കട്ടിങ്ങും ഷേവിങ്ങും സൗജന്യമാക്കി ഒരു കട്ടആരാധകന്‍. രജനിയുടെ കടുത്ത ആരാധകനായ ഇസൈക്കി മുത്തുവാണ് പ്രിയ താരത്തിന്‍റെ ജന്മദിനം വേറിട്ട രീതിയില്‍ ആഘോഷിച്ചത്. പാറശാല പരശുവയ്ക്കലിൽ പ്രവര്‍ത്തിക്കുന്ന രാജാ ഹെയര്‍ സ്റ്റൈല്‍ ഷോപ്പില്‍ ഇന്ന് എത്തിയ മുഴുവന്‍ ആളുകള്‍ക്കും മുടിവെട്ടും ഷേവിംഗും പൂര്‍ണ്ണമായും സൗജന്യമാക്കിയാണ് പ്രിയ താരത്തിനോട് മുത്തു ആദരം കാണിച്ചത്.

തിരുനല്‍വേലി അമ്പാസമുദ്രം സ്വദേശിയായ മുത്തു എന്ന് വിളിക്കുന്ന ഇസൈക്കിമുത്തു കഴിഞ്ഞ 13 വര്‍ഷമായി പരശുവക്കലില്‍ ബാര്‍ബര്‍ ഷാപ്പ് നടത്തുന്നു. കടുത്ത രജനീ ആരാധകന്‍. 10 വയസ് മുതല്‍ രജനികാന്തിന്‍റെ സിനിമകള്‍ കണ്ട് തുടങ്ങിയതാണ് മുത്തു. ഏറെക്കുറെ രജനികാന്തിന്‍റെ എല്ലാ ചിത്രങ്ങളും കണ്ടു കഴിഞ്ഞു.  രജനികാന്തിന്‍റെ ജന്മദിനമാണ് ഡിസംബർ 12 ന്. രജനികാന്തിന്‍റെ 72 -ാം പിറന്നാൾ ആഘോഷം ഇങ്ങ് കേരളത്തിൽ മുത്തു ആഘോഷമാക്കുകയാണ്. ആശംസകള്‍ അര്‍പ്പിച്ച് കടയുടെ പുറത്ത് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. പിറന്നാൾ പ്രമാണിച്ച് മുത്തുവിന്‍റെ ബാർബർ ഷോപ്പിൽ ഇന്ന് വന്‍ ഓഫറാണ് ഉള്ളത്. ഒരു രൂപ നോട്ടുമായി വരുന്നവർക്ക് കട്ടിങ് ഷേവിങ്ങും കൂടാതേ ഫേഷ്യലും ലഭിക്കും. തീർന്നില്ല 40 രൂപയുടെ ലോട്ടറി ടിക്കറ്റും ഒരു കുടയും സ്വന്തമാക്കി മടങ്ങാം. ഇത് അറിഞ്ഞ് ധാരാളം നാട്ടുകാരാണ് മുത്തുവിന്‍റെ കടയിലേക്ക് രാവിലെ തന്നെ എത്തിയത്.

രാവിലെ എട്ട് മണി മുതല്‍ നിരവധി പേരാണ് മുത്തുവിന്‍റെ കടയിലേക്ക് ഒഴുകി എത്തിയത്. സഹായികളായി കടയില്‍ രണ്ട് പേര്‍ കൂടെ ഉണ്ടെങ്കിലും ഇന്ന് ഉച്ചഭക്ഷണത്തിന് കൂടി പോകാനാവാതെ തിരിക്കിലായിരുന്നു മുത്തു. ‘എല്ലാമെ രജനി അണ്ണന്ക്ക് വേണ്ടി’ എന്നാണ് മുത്തുവിന്‍റെ പക്ഷം. എല്ലാ ശനിയാഴ്ചയും നാട്ടിലേക്ക് മടങ്ങുന്ന മുത്തു, തിങ്കളാഴ്ച രാവിലെ പരശുവക്കലിലെത്തും. ഭാര്യ മാലയും മക്കള്‍ ഇസൈക്കിരാജയും ഇസൈക്കി ലക്ഷ്മിയും രജനിയുടെ കടുത്ത ആരാധകരാണ്. രജനികാന്ത് ഇനിയും കുടുതല്‍ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മുന്നിലേക്കെത്തണമെന്നും അദ്ദേഹത്തിന് ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിച്ചും രജനിയുടെ 72 -ാം പിറന്നാള്‍ മുത്തു അവിസ്മരണീയമാക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here