ബെംഗളൂരുവിൽ വെള്ളത്തിന് നിരക്കുയരുമെന്ന സൂചന നൽകി സർക്കാർ.

0
51

ഐടി നഗരമായ ബെംഗളൂരുവിൽ വെള്ളത്തിന് നിരക്കുയരുമെന്ന സൂചന നൽകി സർക്കാർ. ബെംഗളൂരുവിൽ ജലനിരക്ക് വർധിപ്പിക്കുന്നത് അനിവാര്യമാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. ജലനിരക്ക് വർധനവ് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. ജല ഉപഭോഗം കൃത്യമായി മനസ്സിലാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജലബോർഡിന് വാർഷിക നഷ്ടം 1000 കോടി രൂപയാണ്. അതിനാൽ ജലനിരക്ക് വർധനവ് സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. 2014 മുതൽ നിരക്കിൽ ഒരു മാറ്റവുമില്ലാതെ തുടരുകയാണ്. ഈ കാലയളവിൽ ജലബോർഡിൻ്റെ വൈദ്യുതി ബിൽ 35 കോടിയിൽ നിന്ന് 75 കോടിയായി ഉയർന്നു. ഈ സാഹചര്യത്തിൽ നിരക്ക് വർധന അനിവാര്യമാണ്. വൈകാതെ വിഷയത്തിൽ തീരുമാനമെടുക്കുമെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ വ്യക്തമാക്കി.

ജലനിരപ്പ് വർധന സംബന്ധിച്ച് ബെംഗളൂരു നഗരത്തിലെ എല്ലാ എംഎൽഎമാരുമായും ബിഡബ്ല്യുഎസ്എസ്ബി ഉദ്യോഗസ്ഥർ ചർച്ച നടത്തി. സാമ്പത്തിക നഷ്ടം കാരണം ബാങ്കുകൾ വായ്പ നൽകാൻ വിസമ്മതിക്കുന്നതിനാൽ ബോർഡിന് ഫണ്ട് സ്വരൂപിക്കാൻ പ്രയാസമാണ്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഒരു തീരുമാനവും സ്വീകരിച്ചിട്ടില്ല. മഗ്രമായ ചർച്ചകൾക്ക് ശേഷമാകും അന്തിമതീരുമാനം ഉണ്ടാകുക.

നഗരത്തിലുടനീളമുള്ള ജല ഉപഭോഗത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള പദ്ധതി രൂപപ്പെടുത്തിയിട്ടുണ്ട്. അനധികൃത കണക്ഷനുകൾ കണ്ടെത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഈ വേനൽക്കാലത്ത് ബെംഗളൂരു നഗരത്തിൽ ജലക്ഷാമം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

ഭൂഗർഭജലം ശേഖരിക്കാനുള്ള നടപടികൾക്ക് നിർദേശം നൽകിക്കഴിഞ്ഞു. കാവേരി അഞ്ചാം ഘട്ടത്തിൽ ബിഡബ്ല്യുഎസ്എസ്ബി 15,000 പുതിയ കണക്ഷനുകൾ നൽകി. പലരും ഈ കണക്ഷൻ എടുക്കാൻ വിസമ്മതിച്ചിട്ടുണ്ട്. പല അപ്പാർട്ട്മെന്റ് സമുച്ചയങ്ങളും ഇതുവരെ കാവേരി ജല കണക്ഷൻ എടുത്തിട്ടില്ല. ഈ കണക്ഷൻ ഉറപ്പാക്കാനുള്ള നിർദേശങ്ങൾ നൽകുന്നുണ്ടെന്നും ഡികെ ശിവകുമാർ പറഞ്ഞു.

ചേരിപ്രദേശങ്ങളിലും നഗരത്തിലെ ദരിദ്ര വിഭാഗങ്ങൾക്കും വെള്ളം നൽകുന്നതിന് മുൻ കോൺഗ്രസ് സർക്കാർ 20 കോടി രൂപ അനുവദിച്ചിരുന്നു. അതിന് ശേഷം വന്ന ബിജെപി സർക്കാർ പദ്ധതി നിർത്തിവച്ചു. നഗരത്തിലെ പാവപ്പെട്ടവർക്ക് വെള്ളം നൽകാനുള്ള പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ഈ സർക്കാർ പദ്ധതിയിടുന്നുണ്ടെന്ന് ശിവകുമാർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here